പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, February 16, 2013

ബ്ലോഗ് എന്ന സമ്പാദ്യം..


'ബൂലോകവായനയിലൂടെ പരസ്പരം തിരിച്ചറിഞ്ഞ് കെട്ടിപ്പടുത്ത സൗഹൃദസമ്പാദ്യമാണെന്ന് തോന്നുന്നു എന്റെ ഏറ്റവും ഉയർന്നതും മേന്മയുള്ളതുമായ  സമ്പാദ്യം!!' -  ശ്രീ മുരളീമുകുന്ദൻ തന്റെ ബ്ലോഗിലെ ഒരു പോസ്റ്റിൽ എഴുതിയതാണ്   വരികൾ .  ഭൂലോകത്തിന്റെ പല കോണുകളിലിരുന്ന് സർഗ്ഗസൃഷ്ടികളും, ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിക്കുകയും, വായനകളും പ്രതികരണങ്ങളും അറിയുകയും അതിലൂടെ  ഊഷ്മളമായ ആത്മബന്ധങ്ങൾ വളരുകയും ചെയ്യുന്നത് ബ്ലോഗെഴുത്തിലെ ഏറ്റവും വലിയ നേട്ടമാണ്. ബ്ലോഗ് എന്നത്  ഒരു സമ്പാദ്യമാവുന്നത് ഇങ്ങിനെയാണ്.  എന്നാൽ ഇതിന് ഒരു  മറുവശവും  അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. -സരസമായും സൗമ്യമധുരമായും കാര്യങ്ങൾ അവതരിപ്പിക്കാൻ പ്രാവീണ്യമുള്ള  മുരളീ മുകുന്ദൻ ബ്ലോഗിങ്ങ് അഡിക്ഷനും ഇന്റർനെറ്റ് അടിമത്വവും  എന്ന പോസ്റ്റിലൂടെ  സൈബർസ്പേസ് വിവേചനപൂർവ്വം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുന്ന ലേഖനം വായിച്ചുകൊണ്ട് ഇത്തവണം ഇരിപ്പിടം അവലോകനം ആരംഭിക്കാം.

നിലവാരമുള്ള കഥക......


ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന  കഥകളേക്കാൾ ഉന്നതനിലവാരം പുലർത്തുന്ന നിരവധി കഥകൾ  ബ്ലോഗുകളിൽ വന്ന രണ്ടു വാരങ്ങളാണ് കടന്നുപോയത്....


'മനസ്സിന്റെയടിത്തട്ടിൽ നിന്ന് സ്നേഹത്തിനായി ആരോ തട്ടി വിളിക്കുന്നു. ഉമ്മയുടെ മടിയിലൊന്നു തല ചായ്ക്കണമെന്ന് അയാൾ വൃഥാ മോഹിച്ചു. തനിക്കെപ്പോഴും ശല്യമായനുഭവപ്പെട്ട വാതോരാതെ വിലപിക്കുന്ന ബീബിഗുല്ലിന്റെ ശബ്ദം ഉപജീവനത്തിന്റെ ഉണർത്തുപാട്ടാണെന്ന് അയാൾ തിരിച്ചറിഞ്ഞു. വയറു നിറച്ചു ഭക്ഷണം കിട്ടാത്ത... വസ്ത്രങ്ങൾ പോലുമില്ലാത്ത തന്റെ കുട്ടികൾ... തണുപ്പുകാലങ്ങളിൽ ജലം കട്ടിയാവുന്ന ശൈത്യങ്ങളിൽ വിറകുകൾ കൂട്ടിയിട്ട് സ്വയം നെരിപ്പോടാവുന്ന ജീവിതങ്ങൾ.... ' -  ഷിഹാബ് മടാരിയുടെ ഫ്രിജ്മുറാറിലെ തോട്ടികൾ എന്ന കഥയിൽ നിന്ന് ഉദ്ധരിച്ചതാണ് ഭാഗം. ബ്ലോഗുകളിൽ ഇത്ര നന്നായി എഴുതുന്നവരെ കാണുമ്പോൾ, മാധ്യമവുമായി  ഇടപഴകുന്ന ഓരോരുത്തർക്കും അഭിമാനിക്കാം. സർഗാത്മകമായ എഴുത്തിന്റെ നിലവാരത്തിന്റെ കാര്യത്തിൽ സൈബർ എഴുത്തുകൾ മറ്റു മാധ്യമങ്ങളെ പിന്തള്ളുന്ന കാലം വിദൂരമല്ല എന്ന് വിളിച്ചറിയിക്കുന്നുണ്ട് അദ്ദേഹത്തിന്റെ ബ്ലോഗിലെ കഥകൾ.


മനുഷ്യമനസ്സ് എന്നത് ഒരിക്കലും പിടിതരാത്ത ഒരു പ്രഹേളികയാണ്. അങ്ങേയറ്റം ആധുനികമാവുമ്പോഴും ചിലയിടങ്ങളിൽ അത് യാഥാസ്ഥിതികമാവും. ഭാര്യയുടെ വേഷം ഭർത്താവ് ചോദ്യം ചെയ്യുന്നു. ഭാര്യ ,മുത്തശ്ശി ചുരിദാറിടുമ്പോൾ പരിഭവിക്കുന്നു.
റാംജി പട്ടേപ്പാടം എഴുതിയ വഴി പിഴക്കുന്ന നോട്ടങ്ങൾ എന്ന കഥ പൂർണമാവുന്നത് വായനക്കാരുടെ മനസ്സുകളിലാണ്. ഒരുപാട് മാനങ്ങളുള്ളതും, പല രീതിയിൽ വായിക്കാവുന്നതുമായ ലളിതമായി എഴുതിയ കഥ നല്ലൊരു വായനയാണ്.


ഫൈസൽബാബുവിന്റെ ഊർക്കടവ് ബ്ലോഗിലെ മീസാൻ സൂക്ക് എന്ന കഥയുടെ  വായന സൗമ്യവും, ശാന്തവുമായ ഒരിളം കാറ്റ് ഏൽക്കുന്ന അനുഭവം പ്രദാനം ചെയ്യുന്നു. വളരെ ഒതുക്കത്തോടെ നേർരേഖയിൽ പറഞ്ഞ കഥയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദമ്പതിമാരുടെ ജീവിതം അവരുടെ സുഹൃത്തിന്റെ കണ്ണിലൂടെ അനാവരണം ചെയ്യപ്പെടുകയാണ്. ഭർത്താവിനുവേണ്ടി ആത്മത്യാഗം അനുഷ്ഠിക്കുന്ന കഥയിലെ സ്ത്രീകഥാപാത്രത്തിന് നല്ല തിളക്കം നൽകാൻ കഥാകൃത്തിന് സാധ്യമായിട്ടുണ്ട്.

നിലവാരമുള്ള കഥകളും, ലേഖനങ്ങളും നിരന്തരം വന്നുകൊണ്ടിരുന്ന സീതായനം എന്ന ബ്ലോഗ് ഇടക്കാലത്ത് പോസ്റ്റുകളൊന്നുമില്ലാതെ നിശ്ചലമായ അവസ്ഥയിലായിരുന്നു. എന്നാൽ ബ്ലോഗ് വീണ്ടും സജീവമാകുന്നതിന്റെ സൂചനകൾ തന്നുകൊണ്ട് കൽപ്പിതം എന്ന കഥ, സീതയുടെ സീതായനം ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. സർഗ്ഗസൃഷ്ടിയുടെ ആത്മസംഘർഷങ്ങളാണ് നല്ല കഥയുടെ പ്രമേയം.
  
വർഷിണി വിനോദിനിയുടെ ,പെയ്തൊഴിയാൻ എന്ന ബ്ലോഗിലെ പുതിയ കഥ 'ചിത്തഭ്രമം', കാമഭ്രാന്തിൽ അടിപ്പെട്ട് അഗമ്യഗമനത്തിന്റെ വഴി തേടുന്ന ആസുരമായ നമ്മുടെ കാലത്തിനോടുള്ള ഒരു എഴുത്തുകാരിയുടെ പ്രതികരണമായി വായിക്കാനാവുന്നു. പ്രചരണാംശത്തിന് പ്രാധാന്യം നൽകി എഴുതിയ കഥയിൽ 'വർഷിണിക്കഥകളിൽ' സാധാരണകാണാറുള്ള നിഗൂഢഭാവങ്ങൾ ഒഴിവാക്കിയിരിക്കുന്നു. കഥയുടെ നേർരേഖയിലുള്ള സഞ്ചാരപഥം, വർഷിണിയുടെ കഥകളുടെ സാധാരണ രീതികളിൽനിന്ന് വ്യത്യസ്തമാണ്. മികച്ച വായനയും, ഉൾക്കാഴ്ചയും തരുന്നുണ്ട് നല്ല കഥ.

 ഹെമിങ്ങ് വേയുടെ കിഴവനും കടലും എന്ന നോവൽ, ഒരു കഥാകൃത്തിൽ പുതിയൊരു കഥക്കുള്ള കാരണമാവുന്നതും, മനോഹരമായൊരു സൃഷ്ടി പിറക്കുന്നതും അറിയാൻ ജയേഷിന്റെ ലസ്സിയിൽ എഴുതിയ 'കിഴവനും കടലും' എന്ന കഥ വായിക്കുക. ജയേഷിലെ പക്വതയെത്തിയ കഥാകൃത്തിന്റെ കൈയ്യടക്കം ഓരോ വരിയിലും അനുഭവിച്ചറിയാം.

വെറുമൊരു വായനയിൽ ഒതുക്കാതെ സാമ്പ്രദായികമായ അർത്ഥതലങ്ങൾക്കപ്പുറത്തേക്ക്സഞ്ചരിക്കാനുള്ള സാധ്യതകൾ വളരെയധികം നൽകുന്ന  കഥയാണ് നന്ദിനിയുടെ 'കഥകള്‍' എന്ന ബ്ലോഗിലെ 'ചോരുന്ന വിദ്യകൾ.' കഥയിലെ പ്രകൃതി ബിംബങ്ങളെ,  മതം, രാഷ്ട്രീയം, സമൂഹം, ജീവിതം എന്നിവയിൽ ഏതിനോടും ചേർത്തുവെക്കുവാനുള്ള വായനാസ്വാതന്ത്ര്യം ഇവിടെ ലഭ്യമാണ്.  ഇരിപ്പിടം വാരിക നടത്തിയ കഥാമത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കഥ ( വാതിൽ പൂട്ടിയിട്ടില്ലായിരുന്നു ) എഴുത്തുകാരിയുടേതാണെന്ന് ഓർമ്മിപ്പിക്കട്ടെ..!

ബലാൽസംഗം ചെയ്യപ്പെട്ടവരിൽ നടത്തുന്ന കന്യാകത്വ പരിശോധന നിരോധിക്കണമെന്ന് 'ജസ്റ്റീസ് വർമ്മ കമ്മിറ്റി' ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ മെഡിക്കൽ പരിശോധന നടത്തുമ്പോൾ ഇക്കാര്യം പ്രത്യേകമായി പരിശോധിക്കപ്പെടുകയും കന്യകയല്ലാത്തവൾ വഴിപിഴച്ചവളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ബലാൽസംഗം ചെയ്യപ്പെട്ട ഒരു പെൺകുട്ടിയെ ഓപ്പറേഷൻ ടേബിളിൽ കിടത്തിയിരിക്കുന്ന വനിതാഡോക്ടർ അനുഭവിക്കുന്ന അന്തഃസംഘർഷങ്ങളിലൂടെ നമ്മുടെ കാലത്തിന്റെ ഇരുളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു നല്ല കഥ എച്ചുമുക്കുട്ടിയുടെ ബ്ലോഗിൽ വായിക്കാം.

മുഖ്യധാരയിലെ കഥകളെ അതിശയിപ്പിക്കുന്ന കഥകൾ ബ്ലോഗുകളിൽ വായിക്കാനാവുന്നത് എത്ര ആഹ്ലാദകരം!. റൈനി ഡ്രീംസിന്റെ ബ്ലോഗായ നിശാശലഭങ്ങളിലെ, പുതിയ കഥയായ 'അശ്വഗന്ധം'  വായിക്കുക. അറേബ്യൻ വിവർത്തനകഥ വായിക്കുന്നത് പോലൊരു സുഖമുണ്ട് കഥയ്ക്ക്. കഥാപശ്ചാത്തലത്തോട് പൂർണമായും നീതി കാണിച്ച പാത്രസൃഷ്ടി. ബ്ലോഗ്എഴുത്തുകാർ എത്രമാത്രം മുന്നേറിയിരിക്കുന്നു എന്നതിന്   ഉദാഹരണമാണ് ഈ മികച്ച സൃഷ്ടി.

വാദി റഹ്മ ഒരു വിനോദ സഞ്ചാര കേന്ദ്രമൊന്നുമല്ല. ഒരു സഞ്ചാരിക്കു കാണാൻ ഒന്നുമില്ലാത്ത കുഗ്രാമം. വാദി റഹ്മയിലെ കഥ പറഞ്ഞുകൊണ്ട് നമ്മെ അങ്ങോട്ട്കൊണ്ടു പോകുന്ന അബൂതിയുടെ 'നികുഞ്ച'ത്തിലെ  അതി മനോഹരമായ കഥ ഇവിടെ വായിക്കാം. ഫലസ്തീൻ എന്ന സ്വപ്നം പേറി നടക്കുന്ന മനുഷ്യരും യുദ്ധവും അതിന്റെ ഭീകരതയും എല്ലാമുണ്ട് ഈ കഥയിൽ. 

ഒരേ സമയം അടിച്ചമർത്തപ്പെടുന്ന മനുഷ്യന്റെ ആകുലതകളിലേക്ക് വിരൽ ചൂണ്ടുകയും, ഒപ്പം കഥയുടെ ഘടനാപരമായ പ്രത്യേകതകൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന  കഥയാണ്  'നിറൈമൊഴി'.  കൂടുതൽ ആഴത്തിലുള്ള  വായന  ആവശ്യപ്പെടുന്നുണ്ട്  ഈ  കഥ. ഡോക്ടർ ജയൻ ഏവൂരിന്റെ, എന്റെ കഥകൾ എന്ന ബ്ലോഗിൽ  ഈ കഥ വായിക്കാം.

 മാവിനെ ഒരു പ്രതീകമാക്കിക്കൊണ്ട് ക്ഷയിച്ചുപോയ തറവാടുകളുടെ ദുരവസ്ഥയെക്കുറിച്ച് പറയുന്ന നല്ലൊരു കഥ കുസുമം ആർ പുന്നപ്രയുടെ ബ്ലോഗായ, വനമാലയിൽ വായിക്കാം. മുണ്ട് മുറുക്കിയുടുത്ത് വ്യർത്ഥമായ ആത്മാഭിമാനം മുറുകെ പിടിച്ച് അതിന്റെ പുറന്തോടിനുള്ളിൽ വേവുന്ന സമൂഹങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക് കൈചൂണ്ടുന്നു കഥ.

കവിതയും കഥയും ഒന്നായി മാറുന്ന അപൂർവ്വം സന്ദർഭങ്ങളുണ്ട്. അത്തരമൊരു അനുഭവമാണ് 'മരണനദിക്കിപ്പുറം' എന്ന രചനയുടെ വായന പ്രദാനം ചെയ്യുന്നത്. നാമൂസിന്റെ തൗദാരം ബ്ലോഗിൽ വന്ന 'മരണനദിക്കിപ്പുറം' കാവ്യത്മകമായ വരികൾ കൊണ്ട് തീർത്ത നല്ലൊരു ചെറുകഥാശിൽപ്പമായി വായിക്കാനാവും.

ഹാസ്യ ബ്ലോഗുകള്‍ക്കിടയിൽ വ്യത്യസ്തമായ ഒരു ഹാസ്യ പോസ്റ്റ് അവസാനഭാഗത്ത് കഥ മാറിപ്പോകുന്നു എന്നതാണ് ഇതിന്റെ മേന്മ. സയ്യദ്‌ എം. ഹസ്സന്റെ  ഏറനാടൻ തമാശകൾ ആസ്വദിക്കാൻ, ഈ ബ്ലോഗ് സന്ദർശിക്കുക.

ഒരു  നല്ല തിരക്കഥ  പല ലക്കങ്ങളിലൂടെ  ഒരു ബ്ലോഗിൽ പുരോഗമിക്കുന്നത് ബൂലോകം ശ്രദ്ധിക്കേണ്ടതാണ്. തിരക്കഥകൾക്ക് വേണ്ട സാങ്കേതികവശങ്ങൾ കൃത്യമായി മനസ്സിലാക്കി മനോജ്(വിഡ്ഢിമാൻ) എഴുതുന്ന തിരക്കഥ വായിക്കാൻ നിഴൽസ്വപ്നങ്ങൾ എന്ന ബ്ലോഗ് സന്ദർശിക്കുക.
  
 പെയ്യാൻ മടിച്ച കാവ്യമേഘങ്ങൾ....


കഥകൾ പേമാരി പെയ്തെങ്കിലും കവിതകളുടെ രംഗം, പോയ രണ്ട് വാരങ്ങളിൽ ശുഷ്കമായിരുന്നു.  എന്നാൽ ബ്ലോഗുകളിൽ  അകക്കാമ്പുള്ള മികച്ച കവിതകൾ പ്രത്യക്ഷപ്പെടാതെയുമിരുന്നില്ല.


ചെറിയൊരു ഇടവേളയ്ക്കു ശേഷം മുഹമ്മദ് കുട്ടി മാഷിന്റെ ഒരിറ്റ് എന്ന ബ്ലോഗിൽ വന്ന 'അപശബ്ദങ്ങൾ' എന്ന കവിത സമകാലികലോകത്തിലെ ദുരിത-ദുഷ്ടസമസ്യകളിലേക്ക് കാവ്യബിംബങ്ങളിലൂടെയുള്ള ഒരു യാത്രയാണ്. അന്ധകാരജടിലമായ ലോകത്ത് എല്ലാവർക്കും വഴിപിഴയ്ക്കുന്നു. ഒന്നും തിരിച്ചറിയാനാവാതെ നാം ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക് യാത്ര ചെയ്യുന്നു... കവിതയിൽ പ്രതിദ്ധ്വനിക്കുന്നത് ആത്മരോഷത്തിന്റെ അഗ്നിജ്വാലകളാണ്.

ഉസ്മാൻ ഇരിങ്ങാട്ടിരി എന്ന എഴുത്തുകാരന്റെ  മനോഹരമായി ഡിസൈൻ ചെയ്ത  ബ്ലോഗിലെ സൃഷ്ടികൾ മികച്ച നിലവാരം പുലർത്തുന്നവയാണ്. ഇരിങ്ങാട്ടിരി ഡ്രോപ്സ് ,ബ്ലോഗിലെ 'വീട് ' എന്ന കവിതയിൽ., വീട് എന്ന സങ്കൽപ്പത്തിനുചുറ്റും കവിമനസ്സ് പണിത ബിംബാത്മക കൽപ്പനകൾ തീർത്ത ഭാവലോകം നല്ലൊരു വായനാനുഭവമാണ്.

 മണ്ണിന്റെയും, നാട്ടിന്‍പുറത്തിന്റെയും, നാല്‍ക്കവലകളുടെയും മണവും ചൂരുമുള്ള കവിതകളാണ് ശിവപ്രസാദ്പാലോടിന്റെ കവിഭാഷയുടെ ജീവൻ.  ഹൈക്കു മുതൽ നീണ്ട കവിതകളിൽ വരെ നമ്മുടെ ചുറ്റുപാടുകളും, പാറ്റയും പല്ലിയും പോലും കഥാപാത്രങ്ങളായി എത്തുന്നു. 'ഹൃദയം പറിച്ചെടുത്ത് തിന്നാൻ കൈകൾ നീട്ടിയപ്പോൾ, അതിനു മുൻപെ  വിശന്നഅവൾ തന്നെ അത് തിന്നു കളഞ്ഞത്രേ'. 'കരുതലുകളും പ്രതീക്ഷകളും തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പാണ് ജീവിതം' എന്നിങ്ങനെ  കവിയുടെ കണ്ടെത്തലറിയുമ്പോൾ  അത് ശരിയാണല്ലോ എന്ന് വായനക്കാരും ചിന്തിച്ചുപോകുന്നു.

കവിതാ ബ്ലോഗുകളില്‍ ഏറെ വായനക്കാരുള്ള ബ്ലോഗാണ്   ഹന്ലലത്തിന്റെ മുറിവുകൾ . ധാരാളം പോസ്റ്റുകൾ ഉണ്ടെങ്കിലും ആവർത്തനവിരസത തീരെ അനുഭവപ്പെടാത്ത ശൈലീഭേദങ്ങൾ ഇവിടെ അനുഭവിക്കാം. പ്രമേയത്തിലേയും അവതരണത്തിലെയും പുതുമ തീരെ നഷ്ടമാവുന്നില്ല കവിതകൾക്ക്‌. 

നമ്മുടെ കലാപാരമ്പര്യത്തിന്റെ അടയാളങ്ങളായ മാപ്പിളപ്പാട്ടുകളും കെസ്സുപാട്ടുകളും ബ്ലോഗുകളിൽ  എഴുതുന്നത് ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അഷ്റഫ് സാൽവ തന്റെ ബ്ലോഗായ ബഡായിയിൽ എഴുതിയ ,'അച്ഛനുറങ്ങാത്ത വീടുകൾ' എന്ന പോസ്റ്റ് ശ്രദ്ധേയമാവുന്നത് ഇതുകൊണ്ടാണ്. കെസ്സുപാട്ടിന്റെ താളം, കാലികവിഷയങ്ങളുമായി ഇഴപിരിച്ച് ഒരുക്കിയെടുക്കുവാൻ നല്ല സിദ്ധിവേണം. അഷ്റഫിന് അത് അനായാസം സാധ്യമാവുന്നു.

വായന - ബ്ലോഗുകളിൽ .......

രണ്ടായിരത്തി എട്ടിൽ ബ്ലോഗിംഗ് തുടങ്ങിയ ഉഷാകുമാരി ജി.യുടെ 'ഒരു കപ്പ് ചായ' എന്ന ബ്ലോഗ്ആസ്വാദനത്തിന്റെ തലത്തിൽ നിന്നുകൊണ്ട് പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നു. കഥകളും പഠനങ്ങളും എല്ലാം ഇവിടെ വിശദമായ വായനയ്ക്ക് വിധേയമാവുന്നുണ്ട്. ഗൗരവമായ വായനയെ സ്നേഹിക്കുന്നവര്‍ക്ക്  പോസ്റ്റുകൾ ഇഷ്ടമാവും.

പുരാണേതിഹാസങ്ങളും, ഐതിഹ്യങ്ങളും പൊടിതട്ടി എടുത്ത് കാലികമായ മനുഷ്യാവസ്ഥയുമായി ചേർത്തുവച്ച് തന്റെ ബ്ലോഗിൽ തുടർച്ചയായി പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന ശ്രീക്കുട്ടൻ സുകുമാരൻ അഭിനന്ദനമർഹിക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽനിന്നും എടുത്ത ഒരു കഥാശകലം അടിസ്ഥാനമാക്കി ലളിതമായ ഭാഷയിൽ ശ്രീക്കുട്ടൻ പാപമോചനത്തിനുള്ള വഴി  എന്ന പേരിൽ എഴുതിയ രചന നല്ലൊരു വായനയാണ്.

യാത്രയിൽ കാണുന്ന ഇലയിലും കല്ലിലും മണ്ണിലും കഥകൾ കണ്ടെത്തുന്ന സൂക്ഷ്മദൃഷ്ടിയായ ഒരെഴുത്തുകാരന്റെ അനുഭവസാക്ഷ്യങ്ങളാണ് മുസാഫിർ അഹമ്മദിന്റെ രചനകൾ. ഇവിടെ സമ്മേളിക്കുന്ന ഓർമ്മകളും അനുഭവങ്ങളും അത് പറയുന്ന ശൈലിയുടെ മനോഹാരിത കൊണ്ട് നമ്മെ ആവേശഭരിതരാക്കും. വായനയിൽ നാം തേടുന്ന പുതുമ എന്നൊന്നുണ്ടെങ്കിൽ 'മയിലുകൾ സവാരിക്കിറങ്ങിയ ചെരിവിലൂടെ' എന്ന രചന നൽകുന്നതും അതാണ്‌. മുസാഫിർ അഹമ്മദിന്റെ 'മയിലുകൾ സവാരിക്കിറങ്ങിയ ചരിവിലൂടെ' എന്ന പുസ്തകം മൻസൂർ ചെറുവാടി വായിക്കുന്നു.

 യാത്ര, സിനിമ, അനുസ്മരണം, അഭിമുഖം....


യാത്രാവിവരണം എന്നാൽ ഹിമാലയത്തിലേക്കോ സ്വിറ്റ്സർലണ്ടിലേക്കോ വേണമെന്നില്ല. കേരളത്തിൽത്തന്നെ നാം കണ്ടിട്ടില്ലാത്ത പ്രകൃതിഭംഗിയുടെ നിറകുടങ്ങളായ  ധാരാളം സ്ഥലങ്ങളുണ്ട്. അത്തരം ഒരിടത്തേയ്ക്ക് സഹപ്രവർത്തകരും കുടുംബാംഗങ്ങളും ഒരുമിച്ച് നടത്തിയ ഒരു യാത്രയുടെ രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്  തുമ്പി എന്ന ബ്ലോഗിലെ 'പാതിരാമണലിലേക്കൊരു യാത്ര'.  കയ്യൊതുക്കത്തിന്റെ അപര്യാപ്തത നേരിയതോതിൽ അനുഭവപ്പെടുമെങ്കിലും ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ വിശദാംശങ്ങളിലേക്കുകൂടി ശ്രദ്ധപതിപ്പിക്കുന്ന യാത്രാവിവരണം നല്ല വായനാസുഖം നല്‍കുന്നുണ്ട്.
 
പ്രവീൺ ശേഖറിന്റെ സിനിമാ വിചാരണ എന്ന ബ്ലോഗിൽ   അടുത്ത കാലത്തായി സിനിമകൾ പോലുള്ള കലാസൃഷ്ടികളുമായി ബന്ധപ്പെടുത്തി ചില സംഘർഷങ്ങൾ ഉടലെടുത്ത അവസ്ഥ ചർച്ചയ്ക്ക് വയ്ക്കുന്നു. 'ഞാനൊരു മുസ്ലീമാണ്. അതിനർത്ഥം ഭീകരവാദി എന്നല്ല'. എന്ന പോസ്റ്റിൽ നല്ലൊരു വിഷയമാണ് അവതരിപ്പിച്ചത് എങ്കിലും വിഷയത്തിലേക്ക് ഒന്നുകൂടി ആഴ്ന്നിറങ്ങാമായിരുന്നു എന്ന് ചില വായനക്കാർക്കെങ്കിലും തോന്നിയേക്കാം. കാലികപ്രസക്തിയുള്ള വിഷയങ്ങൾ അവതരിപ്പിക്കുന്ന എഴുത്തുകാരനെ അഭിനന്ദിക്കാതെ വയ്യ.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണങ്ങളിൽ ലളിതമായ ശാസ്ത്രലേഖനങ്ങള്‍ എഴുതി ശ്രദ്ധേയനായ എം.സി. എന്നറിയപ്പെട്ടിരുന്ന എഴുത്തുകാരനെക്കുറിച്ചുള്ള അനുസ്മരണം നിഷ എന്ന ബ്ലോഗർ,  ഹൃദയതാളങ്ങൾ എന്ന ബ്ലോഗിൽ എഴുതിയ കർമ്മയോഗിഎന്ന പോസ്റ്റില്‍ വായിക്കാം. ശാസ്ത്ര തത്ത്വങ്ങളെ സാധാരണക്കാരുടെ ഭാഷയിൽ അവതരിപ്പിച്ച എം.സി യെക്കുറിച്ചുള്ള അനുസ്മരണം നല്ലൊരു വായനയാണ്.

ദീപിക പത്രത്തിലെ സബ് എഡിറ്ററായ സന്ദീപ്സലിം രണ്ടായിരത്തിപന്ത്രണ്ടിലെ  കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം നേടിയ കവയിത്രി ലോപയുമായി നടത്തിയ അഭിമുഖമാണ് 'ലോപിച്ചുപോകാത്ത കവിത'‍. വാചാടോപങ്ങളില്ലാത്ത, താൻപോരിമ അവകാശപ്പെടാത്ത അധ്യാപികയും ഭാര്യയും അമ്മയുമായ ഒരു സാധാരണ സ്ത്രീയെയാണ് കവയിത്രിയിൽ കാണാൻ കഴിയുക. നല്ലൊരു പരിചയപ്പെടുത്തലായി അഭിമുഖം.


പ്രിയപ്പെട്ട വായനക്കാരെ



ഓരോ ആഴ്ചയും ബ്ലോഗുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പട്ട രചനകള്‍ കാണാന്‍ കഴിയുന്നു എന്നത് വളരെയേറെ സന്തോഷകരമാണ്. കൂടുതൽ വിശദമായ വായനയുമായി വീണ്ടും കാണാം.


സസ്നേഹം,

ഇരിപ്പിടം ടീം.

വായനക്കാരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന -മെയിൽ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്ബുക്ക് ഐഡിയിലോ അറിയിക്കുക. ഒപ്പം http://www.facebook.com/groups/410725972280484/ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗങ്ങളാവാനും ചർച്ചകളിൽ പങ്കുചേരാനും എല്ലാവരെയും ക്ഷണിക്കുന്നു.