പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, March 31, 2012

ഇരിപ്പിടം വായനക്കാര്‍ക്കായി സ്നേഹപൂര്‍വ്വം എച്ച്മുക്കുട്ടി എഴുതുന്നത്‌ ....


എന്റെ പരിമിതമായ അറിവിലും വായനയിലും സ്വയം താല്പര്യം തോന്നിയ ചില ബ്ലോഗുകളെക്കുറിച്ച് വ്യക്തിപരമായി എഴുതുന്ന ഒരു ചെറുകുറിപ്പു മാത്രമാണിത്. വളരെയേറെ ബ്ലോഗുകൾ വായിയ്ക്കാൻ ബാക്കിയുണ്ടെന്ന വലിയൊരു തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ഞാനിതെഴുതുന്നത്. എന്റെ എല്ലാ പരിമിതികൾക്കുമുള്ളിൽ വായിയ്ക്കാൻ കഴിഞ്ഞ, എന്നെ കൂടുതൽ കൂടുതൽ വിനയാന്വിതയാക്കിയ ചില രചനകൾ. ബ്ലോഗുലകവും അച്ചടി ഉലകവും ആരാദ്യം ആരാദ്യം ആരു കേമം ആരു കേമം എന്ന വെറും തർക്കത്തിലേർപ്പെടുന്നത് തികച്ചും അനാവശ്യമാണെന്ന് വിശ്വസിയ്ക്കുന്നതുകൊണ്ട് ആദ്യം തന്നെ ഒരു പുസ്തകത്തെ പരിചയപ്പെടുത്താമെന്ന വിചാരത്തിൽ…….

രു പുസ്തകം

ട്രാവലിംഗ് ടു ഇൻഫിനിറ്റി. മൈ ലൈഫ് വിത് സ്റ്റീഫൻ ബൈ ജെയിൻ ഹാക്കിംഗ്

ഇതൊരു പുസ്തകമാണ്. ഊർജ്ജ തന്ത്രത്തിനുള്ള എല്ലാ അവാർഡുകളും (നോബൽ സമ്മാനം മാത്രം ലഭിച്ചിട്ടില്ല) നേടിയ സ്റ്റീഫൻ ഹാക്കിംഗിന്റെ മുൻ ഭാര്യ എഴുതിയ പുസ്തകം. ഇംഗ്ലണ്ടിൽ അറുന്നൂറോളം  പേജുകളുമായി 1999 ൽ ഇറങ്ങിയ പുസ്തകത്തിന്റെ അല്പം ചുരുങ്ങിയ പതിപ്പാണ് (ഏകദേശം നാനൂറു പേജ്) 2004ൽ അമേരിയ്ക്കയിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. 

അസാധാരണ പ്രതിഭാശാലിയെന്ന് ലോകം വാഴ്ത്തുന്ന ഒരു ശാസ്ത്രജ്ഞന്റെ ഭാര്യ മാത്രമായിരുന്നില്ല അവർ. അതി കഠിനമായ ശാരീരിക അവശതകളുള്ള പല അർഥത്തിലും വളരെ പ്രത്യേകമായ മനുഷ്യ ശരീരമുള്ള ഒരു വ്യക്തിത്വത്തിന്റെ പ്രേമവതിയായ കൂട്ടുകാരിയായിരുന്നു, സ്നേഹമസൃണയായ അമ്മയായിരുന്നു, ത്യാഗശീലയായ ശുശ്രൂഷകയായിരുന്നു. മൂന്നു കുട്ടികൾ ആ ദാമ്പത്യത്തിലുണ്ടായി. ഒടുവിൽ ഇരുപത്തഞ്ചു വർഷങ്ങൾക്ക് ശേഷം അവർ വേർപിരിഞ്ഞു. ആ കഥയാണ് ഈ പുസ്തകത്തിലുള്ളത്. 

അനിതരസാധാരണമായ കൈയടക്കത്തോടെയാണ് ജെയിൻ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. അവർ ആരേയും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും സ്റ്റിഫൻ ഹാക്കിംഗ് എന്ന അത്യുന്നതനായ ആ ശാസ്ത്രജ്ഞന്റെ പല സങ്കീർണതകളും വായനക്കാരായ നമ്മെ ആഴത്തിൽ അസ്വസ്ഥരാക്കും. അദ്ദേഹം തന്റെ പരാധീനതകളിൽ സഹായിയ്ക്കാൻ കഴിയുന്ന ഒരു ഊന്നുവടിയായി മാത്രമേ ജെയിനെ കണ്ടിരുന്നുള്ളൂ എന്ന്  വേദനയോടെ നമ്മളും മനസ്സിലാക്കും. നദി കടന്നപ്പോൾ പിന്നെ, വേണ്ടാതായിത്തീർന്ന ചങ്ങാടം പോലെയായിപ്പോകുന്നു ഒടുവിൽ ജെയിൻ. ഭാര്യയെ ഉപേക്ഷിച്ച് തന്നെ ശുശ്രൂഷിയ്ക്കാൻ വന്ന നഴ്സിനെ സ്വീകരിയ്ക്കുവാൻ സ്റ്റിഫൻ ഹാക്കിംഗ്സിനെ പ്രേരിപ്പിച്ചതെന്തെന്ന്  ഒരുപക്ഷെ, നമുക്കൊരിയ്ക്കലും മനസ്സിലാകാനിടയില്ല.  

കവിതകൾ

ബ്ലോഗുകളിൽ  കവിതകളാണു അധികം എന്ന് മലയാളം ബ്ലോഗുകളെക്കുറിച്ചും സൈബർ മലയാളത്തെക്കുറിച്ചും കാര്യമായി പഠനം നടത്തിയ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ അധ്യാപിക കൂടിയായ ശ്രീമതി ടി വി സുനിത പറയുകയായിരുന്നു. ഇപ്പോൾ എല്ലാം കുറച്ചു പറഞ്ഞാൽ മതി, നീട്ടി വായിയ്ക്കാൻ, കൂടുതൽ സമയം വേണം. ആരുടെ പക്കലാണ് ഇപ്പോൾ സമയമുള്ളത്? അതുകൊണ്ട് കൂടുതൽ പേരും കവിതയിലാണ് ആത്മാവിഷ്ക്കാരം നടത്തുന്നത്. കുറച്ചു പറയുക, ഏറ്റവും മൂർച്ചയോടെ ഉൾക്കാഴ്ചയോടെ പറയുക, പുതുമയുള്ള ബിംബങ്ങളെ ആവിഷ്ക്കരിയ്ക്കുക., നെഞ്ചു കീറി നേരിനെ കാട്ടുക.

ഇസ്മയിൽ അത്തോളിയുടെ അത്തോളിക്കഥകളിലെ ഒറ്റക്കയ്യൻ എന്ന കവിത. ജെ സി ബിയെ പരിചയപ്പെടുത്തുന്ന രീതി അതു വായിച്ച് സങ്കടത്തിന്റെ നനവുള്ള ഒരു ചിരിയുതിർന്നു.

കൂടെ,മഞ്ഞക്കുപ്പായക്കാരന്‍ -
ചിറ്റാരിക്കൊഞ്ചുപോലൊരുത്തന്‍ ഒറ്റക്കയ്യന്‍ ...........

ജെ സി ബി കണ്ടു പിടിച്ചവനെ വെടിവെച്ചു കൊല്ലണമെന്ന് സുഹൃത്ത് പ്രാകിയത് കേട്ട് നിശ്ശ്ബദയായിരുന്നത്, അവന്റെ വീടിരുന്ന കുന്ന് ജെ സി ബിയും കടവും ബാങ്കും ചേർന്ന് പൊടിച്ചെടുത്തൊരു നനഞ്ഞ സന്ധ്യയിലായിരുന്നു. അവൻ മൂക്കറ്റം മദ്യപിയ്ക്കുകയും ചെയ്തിരുന്നു. സ്ത്രീ സമത്വം പറയുമ്പോഴും മദ്യപിച്ചു ശീലിച്ചിട്ടില്ലാത്ത കൂട്ടുകാരി, ആ പ്രാക്കും ചങ്കു തകരുന്ന ഒച്ചയും കേട്ട് മൌനമായിരുന്നു. അവളുടെ വിരലുകൾ വിറച്ചുകൊണ്ടിരുന്നു.

പകലിന്റെ മരണമാണ് ഞാനെന്ന് പറയുന്ന സായംസന്ധ്യ യുടെ ബ്ലോഗ് ഒറ്റപ്പെടലുകളുടെ വിഹ്വലതകൾ നിറഞ്ഞതാണ്. സൌന്ദര്യമുള്ള വരികളാണ് ഈ ബ്ലോഗിന്റെ കവിതകൾ. വേദനിച്ച് വെന്തുരുകുമ്പോഴുള്ള നീറ്റലോടെ കവിതകൾ വായിയ്ക്കാം. 

രാമൊഴി കെ പി ചിത്രയുടെ ബ്ലോഗ് അതിശക്തമായ ആവിഷ്ക്കാരമാണ് ഇതിലെ ഓരോ കവിതയും നെഞ്ചു പിളർക്കുന്ന വരികളാൽ തീക്ഷ്ണമാണ്. മുറിവുകളിൽ കത്തിപ്പടരുന്ന വേദനയാണ് ഈ ബ്ലോഗിലെ മിയ്ക്കവാറും കവിതകൾ പകർന്നു നൽകിയത്.  

മുറിവുകൾ എന്ന ബ്ലോഗ് , പേരു പോലെ ഈർന്നു മുറിയ്ക്കുന്ന കവിതകൾ. തൊള്ളായിരത്തിലധികം ഫോളോവേർസുള്ള ഈ ബ്ലോഗ് കണ്ണീരുണ്ടാക്കും, ഹൃദയം ചുട്ടു പഴുക്കുന്ന വേദന പകരും. അസാധാരണമായ കൈയടക്കവും നിരീക്ഷണങ്ങളും കൊണ്ട് സമ്പന്നമായ കവിതകൾ. ഏതു കവിത വായിയ്ക്കണം എന്ന് പ്രത്യേകം ചൂണ്ടിക്കാണിയ്ക്കാനാവാത്ത വിധം എല്ലാ കവിതകളും ചൂണ്ടക്കൊളുത്തു പോലെ വലിച്ചെടുക്കുന്നവയാണ്. 

അലയൊതുങ്ങിയ എന്ന ബ്ലോഗിലെ എഴുന്നേൽക്കു കൂട്ടുകാരി  എന്ന കവിത പരാജിതരുടെ ദയനീയ ഘോഷയാത്രയെ കൂട്ടാക്കാതെ വീണ്ടും തലയുർത്തിപ്പിടിച്ച് യാത്രയാവുന്ന വിണ്ടുണങ്ങിയ മുറിവുകളെക്കുറിച്ച് പറയുന്നു. വരികളിലൂടെ കടന്നു പോകുമ്പോൾ നിസ്സഹായതയുടെ തേങ്ങൽ എന്റെ മനം നിറയെ.

 വിശ്വസാഹിത്യം 

പരിഭാഷ ന്ന ബ്ലോഗ് മഹാനായ ബഷീർ പറഞ്ഞിട്ടുള്ളതു പോലെ വിശ്വസാഹിത്യം കാച്ചി വെച്ചിട്ടുള്ള ഒന്നാണ്. അനർഘരത്നങ്ങൾ മാത്രമേ അതിലുള്ളൂ.  നെരൂദയും ബോദ് ലെയറും വാസ്കോപോപ്പയും യെവ്തുഷെങ്കോയും ബ്രെഹ്തും ബേക്കണും കാഫ്കയും അന്നാ അഹ് മത്തോവയും എന്നു വേണ്ട വിശ്വസാഹിത്യ നഭസ്സിലെ എല്ലാ ഉജ്ജ്വല താരങ്ങളും മിന്നിത്തിളങ്ങുന്നു.  ജീവിതം എത്ര മേൽ നിരർഥകമെന്ന് തോന്നുമ്പോൾ ആ ബ്ലോഗിലേയ്ക്ക് കടന്നു ചെല്ലൂ, അല്ലെങ്കിൽ ഹാ! എന്റെ എത്ര ഗംഭീരമായ രചനയാണ്, ഇതിനെ അതിശയിയ്ക്കാൻ ലോകത്ത് മറ്റെന്തുള്ളൂ എന്ന് തോന്നുമ്പോൾ പരിഭാഷയിലേയ്ക്ക് കടന്നു ചെല്ലൂ.  എല്ലാ അഹന്തകളും തെറ്റിദ്ധാരണകളും സന്ദേഹങ്ങളും മാറി, മനസ്സ് നിർമ്മല ജലാശയമായി മാറുന്നത് കാണാം. അവിടെ ആ അതിശയ എഴുത്തുകാരുടെ മൊഴിമുത്തുകൾ നമ്മെ ഒരു കണ്ണാടി പോലെ മിനുക്കിയെടുക്കുന്നു. പരിഭാഷകൾ വളരെ ഭംഗിയായി, അതീവ സുന്ദരമായി നിർവഹിയ്ക്കപ്പെടുന്നുണ്ടെന്ന് പറയാതെ വയ്യ.

വെറുതേ ഒരില യുടെ പുതിയ പോസ്റ്റ് പല കാലങ്ങൾ ആൽകെമിസ്റ്റ് വായിയ്ക്കുന്നു എന്ന കുറിപ്പ് അതീവ മനോഹരം. ആ പുസ്തകത്തിന്റെ ആദ്യ വായനാനുഭവത്തെകുറിച്ചുള്ള രചന, ആ രചന കാലങ്ങൾക്ക് ശേഷം ഉണർത്തുന്ന വിചാരങ്ങൾ ഇവയിലേയ്ക്ക് നടക്കുമ്പോൾ പൌലോകൊയേലാ എന്ന എഴുത്തുകാരനേയും നിശിതമായി വിചാരണ ചെയ്യുന്നു.

കഥകൾ 

നല്ല കഥയെഴുതുന്നവരെ കാണുമ്പോൾ ഞാൻ അന്തം വിട്ട് നോക്കി നിൽക്കും. കഥകളോട് എനിയ്ക്ക് വ്യക്തിപരമായി താല്പര്യം കൂടുതലാണ്. എന്റെയുള്ളിലെ കഥകൾ കേൾക്കാനിഷ്ടമുള്ള ഒരു കുട്ടി, ഊണു കഴിയ്ക്കാതെ, ഉറങ്ങാതെ ഏതു സമയത്തും കണ്ണുകൾ വിടർത്തി കാതുകൾ കൂർപ്പിച്ച്…… 

ജയേഷിന്റെ ലസ്സി എന്ന ബ്ലോഗിൽ ക്ല ! എന്നൊരു കഥയുണ്ട്. ഒരക്ഷരം നെടുനായകത്വം വഹിയ്ക്കുന്ന ഒരു കഥ. ക്ല എന്നു തുടങ്ങുന്ന ഇത്രയേറെ വാക്കുകൾ മലയാളത്തിലുണ്ടെന്ന് ആ കഥയാണ് എന്നോട് പറഞ്ഞത്. അക്ഷരപ്പേടിയിൽ നിന്ന് ആ കഥ വളർന്നു വലുതാവുന്നത് വിസ്മയാവഹമായ ഒരനുഭവമാണ്. വല്ലഭനു പുല്ലുമായുധം എന്ന് പറഞ്ഞത് തീർത്തും വിവരമുള്ളയാൾ തന്നെ. 

സുജയുടെ വയൽ‌പ്പൂവുകൾ  കാൺകേ ഞാൻ അൽഭുതസ്തബ്ധയായി, എന്നെപ്പോലെ ഒരു സാധാരണക്കാരിയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു ഭൂഭാഗമായിരുന്നു ആ കഥാപരിസരം. ഡാന്യൂബ്  നദിയുടെ തീരം.

സ്നേഹിക്കപ്പെടാന്‍ ഇത്രമേ തരം താഴേണ്ടിയിരുന്നില്ല എന്ന് ഇപ്പോ തോന്നുന്നു .പണ്ട് സ്നേഹം അഭിനയിച്ച് ജോ കാട്ടികൂട്ടിയതൊക്കെ വെറും കോപ്രായങ്ങ ആയിരുന്നല്ലോ എന്നോര്‍ക്കുമ്പോ ചിരിയും.

എങ്കിലും....
"പ്രണയം മനസ്സിലെ കുളിരുള്ള സുഖമാണെന്ന് പറഞ്ഞ ജോ.......
പ്രണയിനിയുടെ സാമീപ്യം ലോകത്തേതിലും ദിവ്യമെന്ന്‌ പറഞ്ഞ എന്‍റെ ജോ ......“ഡാന്യൂബ് നീന്തിക്കയറുമ്പോൾ……കഥ വായിച്ച് അവസാനിപ്പിയ്ക്കുമ്പോൾ "പ്രണയം കൂലം കുത്തിയൊഴുകുന്ന പ്രളയമെന്നും ,അത് തണുത്തുറഞ്ഞ മരണമെന്നും".ചില പുതിയ നിര്‍വചനങ്ങ കൂടി ഞാഎഴുതിച്ചേര്‍ത്തു.  അത് കഥയിൽ മാത്രമല്ല, ജീവിതത്തിലെ തന്നെ വരികളായിത്തീരുന്നു. 

മൊഹിയുടെ ഞാനൊരു പാവം പ്രവാസിയിൽ പിണക്കം ഇണക്കം എന്ന ലളിത മധുരമായ കഥ വായിച്ച് പുഞ്ചിരിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല. കമന്റുകളുടെ ആധിക്യം കഥ എങ്ങനെ സ്വീകരിയ്ക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. 

പലവക 

മുന്നൂറിലധികം ഫോളോവേഴ്സുണ്ടെങ്കിലും എല്ലാവരും കമന്റെഴുതാൻ നന്നെ പിശുക്ക് കാണിയ്ക്കുന്ന ഒന്നാണ് വെള്ളെഴുത്ത് എന്ന ബ്ലോഗ്. പലവക എന്ന ലേബലിൽ ധാരാളം കുറിപ്പുകൾ ഉള്ള, അന്യാദൃശവും മൌലികവുമായ നിരീക്ഷണങ്ങളാൽ സമ്പന്നമായ ഒന്ന്. എല്ലാ പോസ്റ്റുകളിലും പ്രതിഭയുടെ മിന്നലാട്ടം കാണാമെന്നതുകൊണ്ട് ഏതു പോസ്റ്റിനെക്കുറിച്ച് എടുത്ത് പറയണമെന്ന് അറിയുന്നില്ല. 

മഖ്ബൂലിന്റെ ജാഡലോടകം ബോർഡ് കണ്ട് അവിടെ പോയപ്പോൾ ഒരു സുഹൃത്തിനെ എവിടെ തിരയേണ്ടുവെന്നാണ്  അദ്ദേഹം ചോദിയ്ക്കുന്നത്. ബ്ലോഗിന്റെ പേരു വായിച്ചപ്പോൾ, അവിടെ വൈദ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാണുമെന്നായിരുന്നു എന്റെ വിചാരം. വായിയ്ക്കാൻ താല്പര്യം തോന്നിപ്പിയ്ക്കുന്ന രചന തന്നെ.

ചോക്കുപൊടി എന്ന ബ്ലോഗിലെ ചില ന്യൂ ജനറേഷൻ മറവിരോഗങ്ങൾ  എന്ന പോസ്റ്റ് എല്ലാവരും വായിയ്ക്കേണ്ടതാണ്. ധീര ദേശാഭിമാനിയായ ഭഗത്  സിംഗിനെക്കുറിച്ചാണ്  ഉജ്ജ്വലമായ ആ വരികൾ. നാം അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം അതിന് എത്ര കുറവുകൾ ഉണ്ടെങ്കിലും അത് അനേകം മനുഷ്യരുടെ കണ്ണീരിലും വിയർപ്പിലും ചോരയിലും ജീവത്യാഗത്തിലും കെട്ടിപ്പടുത്തതാണെന്ന് ആ വരികൾ നമ്മെ ഓർമ്മിപ്പിയ്ക്കുന്നു. ആർത്തി പെരുത്ത സാമ്രാജ്യത്തത്തോട് നാം ചെയ്യുന്ന ഓരോ സന്ധി സംഭാഷണവും സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞവരോടുള്ള കൊടിയ അനീതി തന്നെയാകുന്നുവെന്ന് ഈ പോസ്റ്റ് വിളിച്ചു പറയുന്നു. 

മിനിടീച്ചറുടെ  മിനിലോകത്തിൽ പരീക്ഷാഡ്യൂട്ടിക്കിടയിലെ ലീഗിനെ ക്കുറിച്ച് പറയുന്നുണ്ട്. ഒരു കുഞ്ഞു നർമ്മം വിതറുന്ന ആ പോസ്റ്റ് നമ്മിൽ പുഞ്ചിരിയുണ്ടാക്കാതിരിയ്ക്കില്ല. അല്പം ചരിത്രബോധവും വിജ്ഞാനവുമുണ്ടെങ്കിൽ പ്രത്യേകിച്ചും.

മുല്ലയുടെ സിറിങ്ക്സിൽ ഒരു വട്ടം കൂടി യെത്തുന്ന ഓർമ്മകളാണ്. അനുഗൃഹീതമായ രചനാ ശൈലിയാൽ മനം  കവരുന്ന മുല്ല ഈ കോളേജ് സ്മരണകളിലും സ്വന്തം വ്യക്തിത്വം നിലനിറുത്തുന്നുണ്ട്. 

വർഷിണിയുടെ ഇച്ചിരി കുട്ടിത്തരങ്ങൾ എന്ന ബ്ലോഗിലെ ഒട്ടും കുട്ടിത്തരമില്ലാത്ത പോസ്റ്റ്. എന്റെ പ്രാൺ . ഓട്ടിസം ബാധിച്ച പ്രാൺ എന്ന വിദ്യാർഥിയും അധ്യാപികയുമായുള്ള അപൂർവമായ ബന്ധത്തെക്കുറിച്ച്, ഹൃദയസ്പർശിയായ ഭാഷയിൽ എഴുതിയിരിയ്ക്കുന്നു. നമ്മിൽ പലർക്കും ഒട്ടും അറിഞ്ഞു കൂടാത്ത ആ പ്രത്യേകതയെ, ആ അവസ്ഥയെ – ഓട്ടിസത്തെ- കൂടുതൽ മനസ്സിലാക്കാനും വർഷിണിയുടെ രചന പ്രയോജനപ്രദമായി ഭവിയ്ക്കും. 

കോണത്താന്റെ മറ്റൊരാൾ എന്ന ബ്ലോഗിൽ നുറുങ്ങുകൾ വായിയ്ക്കു,  വിസ്മയാവഹമായ നിരീക്ഷണങ്ങൾ കാണാം.

ദൈവത്തിന്റെ  മനോഹര സൃഷ്ടി മനുഷ്യനാവാം,പക്ഷെ -
മനുഷ്യന്റെ  മോശം സൃഷ്ടിയാണ് ദൈവം .
അവൻ  അവനെത്തന്നെ ദൈവമായ് പകർത്തി വെച്ചു.
ഇത് വളരെ ശരിയാണെന്ന് എനിയ്ക്കു തോന്നിയ ഒരു നുറുങ്ങു മാത്രം.

യാത്രാവിവരണം

കുഞ്ഞന്റെ ബ്ലോഗ് ആൽപ്സ് താഴ്വരയിൽ നിന്നും ഓഷ് വീസ് സ്മാരകത്തെക്കുറിച്ചാണ് പറയുന്നത്. പഴയൊരു പോസ്റ്റാണെങ്കിലും പ്രതീക്ഷകളെല്ലാം അറ്റു പോയൊരു നിലവിളിയായി, മാനവരാശിയ്ക്കൊരു മുന്നറിയിപ്പായി നാസി ക്രൂരതയുടെ അടയാളത്തെക്കുറിച്ചുള്ള  ഈ പോസ്റ്റ് എല്ലാവരും ഒന്നു വായിയ്ക്കേണ്ടതാണ്. മനുഷ്യൻ എന്തുകൊണ്ട് ഇങ്ങനെയാവുന്നുവെന്ന് എപ്പോഴും ചിന്തിയ്ക്കുകയും മനുഷ്യനിലുള്ള ഈ ക്രൂരതയെ അധികാരാസക്തിയെ കുഴിച്ചു മൂടാൻ തയാറാവുകയും വേണം.

പാചകം

പാചകം ഏറ്റവും മഹത്തായ കലയാണ്. ഞാൻ പറയുന്നതല്ല. ഒത്തിരി വിവരമുള്ളവരൊക്കെ, വലിയ മഹത്തുക്കളൊക്കെ അങ്ങനെ പറഞ്ഞിട്ടുണ്ട്. എല്ലാവരും പാചകം ചെയ്യാൻ പഠിയ്ക്കുന്നതും മറ്റുള്ളവർക്ക് എന്തെങ്കിലും ഒക്കെ സ്വയമുണ്ടാക്കിക്കൊടുത്ത് സന്തോഷിപ്പിയ്ക്കുന്നതും അവരുടെ സന്തോഷം കണ്ട് കൂടുതൽ സന്തോഷിയ്ക്കാൻ സ്വയം ശ്രമിയ്ക്കുന്നതും നന്നായിരിയ്ക്കും എന്ന് എനിയ്ക്ക് അഭിപ്രായമുണ്ട്.

കെ പി ബിന്ദുവിന്റെ അടുക്കളത്തളം  എന്ന ബ്ലോഗിൽ പോയി നോക്കു. മറക്കാനാവാത്ത രുചികൾ വിളമ്പിയിരുന്ന ആ പഴയ അടുക്കളത്തളത്തിന്റെ ഓർമ്മയ്ക്ക് എന്ന് ബിന്ദു തന്റെ ബ്ലോഗിനെക്കുറിച്ച് പറയുന്നു. നിരത്തിവെച്ചിരിയ്ക്കുന്ന വിഭവങ്ങൾ ആരുടെയും വായിൽ വെള്ളമൂറിയ്ക്കും എന്നതാണ് സത്യം. അതുകൊണ്ട് എല്ലാവരും സമയം കളയാതെ അവിടെ പോയി പാചകം ആസ്വദിയ്ക്കണമെന്നാണു എന്റെ ആഗ്രഹം.

നർമ്മം

നർമ്മമെഴുതാൻ എനിയ്ക്ക് വലിയ ആശയാണ്. എഴുതി വരുമ്പോൾ നർമ്മം ഉണ്ടാവില്ലെന്ന് മാത്രമല്ല, നിലയ്ക്കാത്ത കണ്ണീരോ പ്രിൻസിപ്പലിന്റെ ഗൌരവമോ അമ്മായിഅമ്മയുടെ മുഖം വീർപ്പോ ഒക്കെയായി പോവുകയും ചെയ്യും. ബൂലോഗത്തെ സകല നർമ്മ ഉസ്താദുമാരോടും ഗുരുക്കന്മാരോടും എനിയ്ക്ക് ഒടുക്കത്തെ ആരാധനയാണെങ്കിലും ഞാനത് അങ്ങനെ പ്രകടിപ്പിയ്ക്കാറില്ലെന്നെയുള്ളൂ. അസൂയയൊന്നുമല്ല, ഹേയ് എനിക്ക് അങ്ങനെ ആരോടും അസൂയയില്ല.

ജോസലെറ്റ് എം ജോസഫിന്റെ പുഞ്ചപ്പാടത്ത്  പോയി വിളവെടുക്കാമോ? രക്തദാനം ഒരു മഹാ അപരാധം  എന്ന് അദ്ദേഹം നമ്മെ ഉദ്ബോധിപ്പിയ്ക്കുന്നു. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് എത്ര ഭംഗിയായിട്ടാണു പറഞ്ഞിരിയ്ക്കുന്നത്! സ്വന്തം വാദം ഉറപ്പിയ്ക്കാൻ താരരാജാവായ മമ്മൂക്കയുടെ സഹായവും തേടിയിട്ടുണ്ട്. 

ഒടുക്കം

തുടക്കത്തിൽ ഒരു പുസ്തകത്തെപ്പറ്റി എഴുതി. ഒടുക്കം ഒന്നു രണ്ട് ഇ മാഗസിനുകളെ കുറിച്ചു എഴുതികൊണ്ടാവാം. എല്ലാവരും കാണുകയും വായിയ്ക്കുകയും ചെയ്യുന്നുണ്ടാവുമെങ്കിലും കാണാത്തവരും വായിയ്ക്കാത്തവരുമായ ആർക്കെങ്കിലും പ്രയോജനപ്പെട്ടേയ്ക്കും എന്നു കരുതി.....

തർജ്ജനി മാസിക 2005 മുതലുള്ള പഴയ ലക്കങ്ങൾ വായിയ്ക്കാൻ കഴിയും. സമകാലികമായതും കനപ്പെട്ടതുമായ ധാരാളം രചനകൾ തർജ്ജനിയിലുണ്ട്. താല്പര്യമുള്ളവർക്ക് നല്ലൊരു വിരുന്നായിരിയ്ക്കും തർജ്ജനി മാസിക.

ബഫല്ലൊ സോൾജ്യർ 2011 മേയ് മാസം മുതലുള്ള ലക്കങ്ങൾ വായിയ്ക്കാൻ കഴിയുന്ന ഈ മാസികയും വ്യത്യസ്തങ്ങളായ വിഭവങ്ങളാൽ സമൃദ്ധമാണ്. വായനയെ ഗൌരവമായി സമീപിയ്ക്കുമ്പോൾ ബഫല്ലോ സോൾജ്യറെയും കാണാതിരിയ്ക്കാനാവില്ല.
----------------------------------------------------------------------------------------------------------------------------------- 
ലക്കം അവലോകനം എഴുതാന്‍ അതിഥിയായെത്തിയ പ്രശസ്ത ബ്ലോഗ്ഗര്‍  എച്ച്മുക്കുട്ടി ക്ക് ഇരിപ്പിടത്തിന്റെയും വായനക്കാരുടെയും ഹൃദയം നിറഞ്ഞ നന്ദി... 

Saturday, March 24, 2012

പീഡിപ്പിക്കപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ ; ഭക്ഷണത്തിലെ പഥ്യം


 കാലാനുസൃതമായും ദേശാനുസൃതമായും പ്രകൃതി തരുന്ന സമ്പത്തുകൾ എങ്ങനെ, ഏതെല്ലാം വിധത്തിൽ കഴിച്ചു ശീലിക്കണമെന്ന ചെറിയ നല്ല ഉപദേശങ്ങൾ ഇൻഡ്യാ ഹെറിറ്റേജിൽ കൂടി ഡോ:പണിക്കർ എൻ.എസ്. നിർദ്ദേശിക്കുന്നു,  ‘എന്ത് കഴിക്കണം’   എന്ന പേരിൽ.  മിതമായ ഭക്ഷണക്രമത്തിൽ, ‘പഥ്യം’ എന്നതിന്റെ പൊരുളറിഞ്ഞുവേണം രുചിവ്യത്യാസങ്ങൾ മനസ്സിലാക്കാൻ.  നമ്മുടെ ശരീരത്തിന് അതിന്റെ സ്വന്തം ഭൂതഘടന നിലനിർത്താൻ സഹായിക്കുന്ന ഉത്തമമായ ‘കുറിപ്പടി’യിൽ, ‘ഇന്ദുപ്പ്’ ചേർക്കാതെ കഴിക്കാനുള്ള ഉപായം വായിച്ചു മനസ്സിലാക്കാം.

 ‘ചിഡിയാ ഘർ’ എന്നാൽ പക്ഷിക്കൂടല്ലെന്ന് അറിയാത്തവർ വളരെ കുറയും.  ഒരു ‘മൃഗശാല’യിൽ മാത്രമല്ല, നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാ ഘടകങ്ങളിലുംചെന്ന് കുത്തിനോക്കി പരിശോധിക്കുന്ന ‘ആൾരൂപൻ’ എന്ന വ്യക്തിയുടെ ഒരു നല്ല ബ്ലോഗ്, ‘മനുഷ്യരായാൽ ഇങ്ങനെത്തന്നെ വേണം’..... മാത്രമല്ല,  ഒരു തീവണ്ടിയാത്രയുടെ തുടക്കംമുതൽ ‘ശുഭം’വരെ സുന്ദരമായ ശൈലിയിൽ ‘ശിംലയിലേയ്ക്കൊരു തീവണ്ടിയാത്ര’  അനുഭവമായി വർണ്ണിച്ചിട്ടുള്ളത് വായിക്കാനും രസകരം.

എറണാംകുളം മറൈന്‍ ഡ്രൈവില്‍ സയാഹ്നം ചിലവിടാന്‍ എത്തിയപ്പോഴാണ് എക്സ് പട്ടാളക്കാരന്‍ കുറുപ്പ് സാറ്  മുള കൊണ്ടുണ്ടാക്കിയ  പുട്ടുകുറ്റി കണ്ടത്. എങ്കില്‍ അതൊന്നു വാങ്ങിക്കളയാമെന്നായി.  എന്നാല്‍  പുട്ടുകുറ്റി വാങ്ങുമ്പോള്‍ അതു ഉണ്ടാക്കിയേക്കാവുന്ന പോല്ലാപുകളെ പറ്റി അവര്‍ ഓര്‍ത്തില്ല. പുട്ടുകുറ്റി വാങ്ങി കഴിഞ്ഞപ്പോള്‍ കുറുപ്പ് സാറ് മറ്റൊരു കാഴ്ച കൂടി കണ്ടു. "മോണിക്കാലെവന്‍സ്കി"  കടലില്‍ നങ്കൂരമിട്ടിരിക്കുന്നു. പട്ടാളക്കഥകള്‍ ബ്ലോഗില്‍  ശ്രീ രഘുനാഥന്‍ എഴുതിയ എന്ട്രിക് ലസ്ക്കിയും ഒരു പുട്ടുകുറ്റിയും  എന്ന പോസ്റ്റ് വായനക്കാരെ ചിരിപ്പിക്കും.  

 ചെറിയ യാത്രകളിൽപോലും നമ്മൾ എത്രയെത്ര ആളുകളെ പരിചയപ്പെടുന്നു?.  അവരിൽ വിദേശികളായവരും ഏറെ.  എല്ലാവർക്കും നമ്മുടെ നാടിനെപ്പറ്റി നല്ലതേ പറയാനുള്ളൂ. എന്നാൽ, നമുക്കറിയാവുന്നതും മനഃപൂർവ്വം ശ്രദ്ധിക്കാത്തതുമായ  നാടിന്റെ പരിസര ശുചീകരണമില്ലായ്മ മറ്റുള്ളവർ പറഞ്ഞുകേൾക്കുമ്പോൾ, ഒരു ജാള്യത ഉണ്ടാവുന്നില്ലേ?  സ്നേഹഗീതത്തിൽ ശ്രീ.ജയരാജ് മുരുക്കുംപുഴ പറയുന്നത് അതിനെപ്പറ്റിയാണ്.  ‘എല്ലാം നമുക്കറിയാം, പക്ഷെ...’.  വായിക്കുകയും നമ്മൾ പ്രവൃത്തിയിൽ കൊണ്ടുവരേണ്ടതുമായ നല്ല കാര്യങ്ങൾ മാത്രം.

 ‘ഖത്തറിലെ അഞ്ചു തലയുള്ള സർപ്പ’ത്തെക്കാണാൻ ശ്രീ. ആഷിക്കിന്റെ കൂടെ നമ്മൾ പോകുമ്പോൾ അതു വാസ്തവമല്ലെന്നറിയാമെങ്കിലും, ‘ദോഹാ സൂ’വിൽ ചെന്ന്  അഞ്ചു റിയാൽ ടിക്കറ്റെടുത്ത് കയറും.  ആദ്യംതന്നെ ആ പൂന്തോട്ടത്തിന്റെ മനോഹാരിതയിൽ മയങ്ങി ചുറ്റിനടക്കും.  നല്ല വൃത്തിയുള്ള കൂടുകളിൽ കടുവ, ആന, മാൻ, പക്ഷികൾ, വിവിധയിനം പാമ്പുകൾ എന്നിങ്ങനെ വിശാലവും വിശിഷ്ടവുമായ കാഴ്ചകളിലേയ്ക്ക്, നമ്മളെ കൂട്ടി, നല്ല ഫോട്ടോകളുമെടുത്ത് കാണിച്ചുതരുന്നു.  നല്ല വിവരണം...


നരാധമാന്മാരുടെ കാമ വൈകൃതങ്ങളില്‍ നിന്നും പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ പോലും രക്ഷയില്ല എന്നത് എത്ര ഭീകരമായ അവസ്ഥയാണ്. കേരളത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന കുറ്റ കൃത്യങ്ങളുടെ വ്യാപ്തി, ഏതാനും ഉദാഹരണങ്ങളിലൂടെ വിവരിക്കുകയാണ് പ്രസിദ്ധ എഴുത്തുകാരന്‍ ഹംസ ആലുങ്ങല്‍ തന്‍റെ വിളംബരം എന്ന ബ്ലോഗിലെ പീഡിപ്പിക്കപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ എന്ന പോസ്റ്റിലൂടെ. സംസ്ഥാനത്ത് നടക്കുന്ന ബലാല്സംഗങ്ങളില്‍ 15 ശതമാനവും ഇരകളാകുന്നത് പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് എന്നു കണക്കുകളുടെ പിന്‍ബലത്തില്‍ ലേഖകന്‍ പറയുന്നു. ബാലപീഡന വാര്‍ത്തകള്‍ അധികരിച്ച് കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ നിതാന്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു എന്നു ഓര്‍മ്മിക്കുന്ന കാലിക പ്രസക്തമായ ലേഖനം.

മനസ്സില്‍ തട്ടുന്ന വിഷയങ്ങള്‍ പറയാന്‍ എഴുത്തുകാര്‍ ഓരോ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു.   കഥാവശേഷന്‍ എന്ന ബ്ലോഗില്‍ ശ്രീ അംജത്   വ്യത്യസ്തമായ ചിന്താതലത്തിലൂടെ സഞ്ചരിച്ചു ഒരു  തെരുവ്  നായയുടെ   ദൈന്യതകളും, കാഴ്ചകളും  ശുനകഭോജനം  എന്ന കഥയിലൂടെ  വരച്ചിടുന്നു.  തെരുവ് നായക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എന്ന ചിന്തയില്‍ നിന്നാവാം ഈ കഥ. കഥാപാത്രത്തിലേക്കുള്ള  പരകായപ്രവേശം അവസാനം വരെ നന്നായി. എങ്കിലും അവസാന ഭാഗത്ത് കഥാകൃത്ത്‌  നായയുടെ മനോതലത്തില്‍ നിന്നും പുറത്തു കടന്നു.  മണം പിടിക്കാന്‍ കഴിവുള്ള നായക്ക് ആ പൊതി അഴിച്ചു നോക്കാതെ തന്നെ അതൊരു മനുഷ്യക്കുഞ്ഞാണെന്ന്  മനസ്സിലാകുന്നിടത്ത്  പറഞ്ഞു നിര്‍ത്തി കഥ ഭദ്രമാക്കാമായിരുന്നു.  കഥയിലെ ആദ്യാവസാന രംഗങ്ങള്‍ വ്യാനക്കാരുടെ മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചു.  

കരുണയും സഹാനുഭൂതിയും മനുഷ്യത്വവും കൈമോശം വന്ന യുവത്വത്തിന്റെ ചിന്താവൈകല്യമാണ്  നിഴലുകള്‍  എന്ന ബ്ലോഗില്‍  പ്രദീപ്‌ പറയുന്ന ജ്വാലമുഖികളുടെ രാത്രികള്‍ എന്ന കഥ.  ദുരന്തഭൂമിയില്‍ സഹജീവികള്‍ മരണത്തിലേക്ക് നീങ്ങുന്ന രംഗങ്ങള്‍ അവനെയും അവളെയും ഒട്ടും അലോസരപ്പെടുത്തുന്നില്ലപാതി വെന്തവര്‍ക്കിടയില്‍  തളര്‍ന്നുവീണ പെണ്‍കുട്ടിയെ കുറിച്ച്  പോലും അവര്‍ ലൈംഗികച്ചുവയോടെ സംസാരിക്കുന്നു.   ഇരുവരുടെയും മനസ്സില്‍  മനുഷ്യത്വം ഇല്ല, പ്രണയവും. ഉള്ളത് രാത്രിയുടെ സ്വകാര്യതയില്‍ ഇന്റെര്‍നെറ്റ്  നല്‍കിയ സൌകര്യത്തില്‍ പരസ്പരം ആനന്ദിപ്പിക്കുമ്പോള്‍  ലഭിക്കുന്ന വേഴ്ചാസുഖം  മാത്രം.     

ഇതു ഇങ്ങിനെ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇന്നു സംഭവിച്ചു കൊണ്ടിരിക്കുന്നു. വെബ് ലോകത്തിന്റെ കാസിനോകളില്‍ യവ്വനം ചൂതാടപ്പെടുമ്പോള്‍ നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നത് ഒരു തലമുറയുടെ പൈതൃകവും, കരുത്തും, മനുഷ്യത്വവും, പരസ്പരസ്നേഹവും, തിരിച്ചറിവുമാണ് എന്ന സന്ദേശമാണ്  കഥ നല്‍കുന്നത്. 


പുരോഗതിയിലേക്കുള്ള കുതിപ്പിനും കിതപ്പിനും ഇടയില്‍ മറഞ്ഞു പോകുന്ന , മറന്നു പോകുന്ന നാടിന്റെ നന്മകളില്‍ ചിലത് .  കാര്‍ഷിക അഭിവൃദ്ധി കൊണ്ട് സമ്പന്നമായിരുന്ന ഒരു കാലത്തിന്റെ ഓര്‍മ പുതുക്കലുമായി ക്ഷേത്രോത്സവങ്ങള്‍ കൊണ്ടാടപ്പെടുന്നു  മനോജ്ജ ത്തിലെ ഉത്സവമേളത്തില്‍  

കഥ എഴുതാന്‍ ഒരു പാട് സംഭവങ്ങള്‍ വേണ്ടതില്ല,  ഒരു കഥാപാത്രമോ അല്ലെങ്കില്‍ ഒരു സന്ദര്‍ഭമോ മതി. ഉണ്ണീലിയെന്ന കഥാപാത്രത്തിലൂടെ , പക്വതയാര്‍ന്ന കഥാകഥന രീതിയിലൂടെ അത് ബോധ്യപ്പെടുത്തുന്നു   ശ്രീ. വി.പി. ഗംഗാധരന്‍ . 

തല മുതല്‍ വാലറ്റം വരെ ആണുലകമായ ഈ ലോകത്ത് ചിന്തിക്കാനോ വേവലാതിപ്പെടാനോ     അര്‍ഹതയുണ്ടോ എന്നന്വേഷിക്കുന്നു ജ്യോതിസ്സിലെ  ഞാന്‍ (വെറും ) പെണ്ണ്  

കസേര  ക്കായി കടിപിടി കൂടുന്ന രാഷ്ട്രീയക്കോമരങ്ങള്‍ക്ക് നേരെ ഒരു കൊഞ്ഞനംകുത്തലായി   ശ്രീദേവി യുടെ ഒരു മഴ പോലെ എന്ന ബ്ളോഗിലെ മിനിക്കഥ .

സ്വപ്നായനം ബ്ലോഗില്‍ സ്വപ്ന നായര്‍ എഴുതിയ കവിത കളങ്കം .  കാഴ്ചകള്‍ എത്ര മനോഹരം, പറഞ്ഞിട്ടെന്താ ..നല്ല കാഴ്ചകള്‍ ക്ഷണികമെന്നു  കവി സങ്കടപ്പെടുന്നു.  ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ചന്ദ്രനെ നോക്കിക്കാണുകയാണ് കവിയത്രി. 

പ്രണയം എന്തിന്  എന്ന ചോദ്യവുമായി ഒരു പുതു ബ്ലോഗര്‍ കൂടി.... ജോബിന്‍ പോള്‍ വര്‍ഗീസ്‌ .  കുറഞ്ഞ വരികളിലൂടെ നല്ല ഭാഷാ സ്വാധീനമുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. കൂടുതല്‍ നല്ല രചനകള്‍ ആ തൂലികയില്‍ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു.

സജിനിക്കും കുട്ടികള്‍ക്കും വേണ്ടി 



മേലുകാവിലെ സജിനി പതിനഞ്ചോളം കുട്ടികളുടെ അമ്മയായത് ആകസ്മികമായാണ് . സജിനിയും ഭര്‍ത്താവ് മാത്യൂസും ഒരു യാത്രക്കിടയിലാണ് ഒരമ്മയേയും രണ്ടു കുട്ടികളെയും കണ്ടുമുട്ടിയത്‌...., തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ... അവരെ വീട്ടിലേക്കു കൊണ്ട് വന്നു.അതൊരു തുടക്കമായിരുന്നു. ഇപ്പോള്‍ അനാഥരാക്കപ്പെട്ട പതിനൊന്നു കുട്ടികള്‍ സജിനിയോടൊപ്പം ഉണ്ട്. ഇതൊരു ഓര്‍ഫനേജല്ല, അധികം കുട്ടികള്‍ ഉള്ള അധികം സ്നേഹമുള്ള ഒരു വീട്...!  

സജിനിയുടെ ഫോണ്‍ നമ്പര്‍ :   098479 32799 


--------------------------------------------------------------------

ഈ ആഴ്ചയിലെ അവലോകനം തയാറാക്കിയത്  : ഇരിപ്പിടം അംഗങ്ങള്‍ 


>>>>>>>>>>>>>> ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും <<<<<<<<<<<<

Saturday, March 17, 2012

ആശയം വരുന്ന വഴി, ‘ചൂല് ' വേണോ സാറേ?



 * ‘തെരുവിൽ, ഒരു നാടോടിബാലിക കയറിനുമുകളിലൂടെ നടന്ന് അഭ്യാസം കാണിക്കുകയാണ്...’

ഒരു കൊച്ചുകഥയുടെ തെളിമയാർന്ന തുടക്കം.   പലതരം അഭ്യാസങ്ങളുടെ ഫോട്ടോയെടുത്ത് നല്ല നല്ല അടിക്കുറിപ്പ് നൽകിയപ്പോഴാണ്, ആ പെൺകുട്ടി താഴെവീണത്.  അതും ഫോട്ടോയിലാക്കി അടുത്ത പേരും നൽകി.  പിന്നെ സംഭവിച്ച രംഗവും കൂടി പകർത്തിയ അയാൾക്ക് ചേർക്കേണ്ടിവന്ന പേര് ഇങ്ങനെ...’മനുഷ്യത്വം മരവിച്ച മനുഷ്യരേ....ലജ്ജിക്കുക...’ .  വളരെ ചുരുക്കം വരികളിൽ ലാളിത്യഭംഗിയോടെ തൂതപ്പുഴയോരം ബ്ലോഗിൽ ശ്രീ.മുനീർ അവതരിപ്പിച്ചിരിക്കുന്നു....’കാഴ്ചക്കാരൻ’ എന്ന മിനിക്കഥയിൽ.  ഉത്തമമായ വരികളിൽ നല്ല ശൈലി.

* മകളെ കാണാനില്ലാതെ അമ്മയുമഛനും ദുഃഖത്തിൽക്കഴിയുമ്പോൾ, കുറേനാൾ കഴിഞ്ഞ്  ഒരു രാത്രി ‘അവൾ’ വന്നുകയറുന്നു, ശുഷ്ക്കിച്ച ശരീരവും തകർന്ന മനസ്സുമായി.  മൊബൈലിൽക്കൂടി നിത്യവും വന്ന ഒരു മിസ്ഡ്കാളിന്റെ ഉടമ, അവളേയുംകൊണ്ട് എങ്ങോ പോയിരുന്നു.  ജീവിക്കാൻ തന്നെ വഴിയില്ലാത്തവർ ഇനിയെന്തുചെയ്യും?  കൃഷിക്ക് വായ്പയെടുത്തിട്ട് കൂട്ട ആത്മഹത്യ ചെയ്യുന്നവരില്ലേ?  അത് ശരിയായാലും തെറ്റായാലും,  ചിന്നുവിന്റെ നാട് ബ്ലോഗിൽ, ‘ഈ കഥയ്ക്ക് ആരുമായും ബന്ധമില്ലെ’ന്ന മുൻകൂർ ജാമ്യമെടുത്ത്  ‘കഥമാത്രം’ എന്ന പേരിൽ ശ്രീ.വീ. കെ. എഴുതിയിരിക്കുന്നു.  ജാമ്യപ്പത്രമില്ലെങ്കിലും സംഭവിക്കാവുന്നതുതന്നെ.

* ‘ജീവിതത്തിൽ തുണയ്ക്കാത്ത ‘ഈശ്വരൻ’ എന്തിനെ’ന്നാണ് മീനാക്ഷിയുടെ ചോദ്യം.  ഇരുപത്തിരണ്ടാം വയസ്സിൽ വിധവയായ, അപ്പുവിന്റേയും ചിന്നുവിന്റേയും അമ്മയായ മീനാക്ഷിക്ക്  വിധിയെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കുമോ?  ജീവിതപ്പരീക്ഷയുടെ വിജയം മാത്രമാണ് എന്നും ദീപാരാധന നടത്തുന്നവർക്ക് ലഭിക്കുന്നതെന്ന വിശ്വാസം, ഭർത്താവിന്റെ മരണത്തോടെ ഇല്ലാതാകുന്ന വിഷയം.   മൈ മൈൻഡ് വേവറിംഗ്സ് എന്ന ബ്ലോഗിൽ നിന്ന് വായിച്ച ‘ഈശ്വരന്മാർ’ എന്ന കൊച്ചുകഥ.  (ജീവിതമാകുന്ന പരീക്ഷയ്ക്ക് ദൈവം നേരിട്ടുവന്ന് ഉത്തരങ്ങൾ എഴുതിത്തരാൻ കഴിയുകയില്ലെന്നുകൂടി തെളിയിച്ചാൽ ആശയം  നല്ല സന്ദേശത്തിലേയ്ക്ക് മാറും).

*   സിന്റോ ചിറ്റാറ്റുകര ബ്ലോഗിൽ ശ്രീ.വിശ്വസ്തൻ എഴുതിയ  ‘കാണാത്ത കാഴ്ചകൾ’.  കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്ത ഒരാൾക്ക് ആത്മസംയമനവും കൃത്യനിഷ്ഠയുമുണ്ടെങ്കിൽ, തന്റെ ഉൾക്കണ്ണുകളാൽ എന്തും കാണാനും എവിടെയും സഞ്ചരിക്കാനും സാധിക്കും.  റോഡുവക്കിലെ നടപ്പാതയുടെ ഓരംചേർന്ന അഴുക്കുചാലിന്റെ മുകളിലുള്ള സ്ലാബിൽ തട്ടിവീഴുമെന്നുകരുതിയെങ്കിലും, കാഴ്ചയില്ലാത്ത അയാൾ അപകടമില്ലാതെ നടന്നുപോയത് ആത്മധൈര്യവും ഏകാഗ്രതയുംകൊണ്ടുതന്നെ. നല്ല ആശയം.

ശ്രീ.കെ.ബാലചന്ദറിന്റെ (തമിഴ്എഴുത്തുകാരനും സംവിധായകനും) ‘മേജർ ചന്ദ്രകാന്ത്’ എന്ന നാടകം മുമ്പൊരിക്കൽ കണ്ടിട്ട്,  മൂന്നു സുഹൃത്തുക്കൾ ഒരു തീരുമാനമെടുത്തു. കാരണം, ഒട്ടും കാഴ്ചയില്ലാത്ത ഒരു പട്ടാള ഓഫീസർ തന്റേതായ എല്ലാ ജോലികളും കൃത്യതയോടെ ചെയ്യുന്നതുകണ്ട് അവർ അന്തംവിട്ടു.  എല്ലാവർക്കും പലതരത്തിലുള്ള കഴിവുകളുള്ളത് ശരിക്കും പ്രകടിപ്പിക്കുന്നില്ല.  അതിനാൽ, ‘ഇന്നുമുതൽ എല്ലാ തലങ്ങളിലും ഇടപെട്ട്, ഒട്ടും മടിയില്ലാതെ നമ്മുടേതായ ഇഛാശക്തി തെളിയിപ്പിക്കണം’ എന്നായിരുന്നു തീരുമാനം.  ഇവിടെ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് കൊടുക്കുന്നതും, ഒളിച്ചോടുന്ന പെണ്ണിന്റെ ദുരവസ്ഥയും, മീനാക്ഷിയുടെ ദുഃഖകാരണവും, അന്ധന്റെ ആത്മധൈര്യവും ‘കഥ’യിലെ നല്ല ആശയങ്ങൾതന്നെ.

അന്ധയും ബധിരയുമായിരുന്ന സ്ത്രീയായിരുന്നു  87-ആം വയസ്സിൽ അന്തരിച്ച വിശ്വപ്രസിദ്ധ എഴുത്തുകാരി  ‘ഹെലൻ കെല്ലർ’.
ജന്മനാ രണ്ടു കൈകളുമില്ലാത്ത ഒരാൾ, തന്റെ ദിനചര്യകളെല്ലാം കാലുകൾകൊണ്ട് നിർവ്വഹിക്കുന്നത് ഈയിടെ കണ്ടു. നീളമുള്ള രണ്ടു കൈകളും ജ്വാലാജാലമാർന്ന രണ്ടു കണ്ണുകളുമുള്ള നമുക്ക് സ്വയം എഴുതുന്നതിലെ ‘അക്ഷരത്തെറ്റുകൾ’ തിരുത്താൻ സമയമില്ല, സംയമനമില്ല, സമ്മതം ഒട്ടുമേയില്ല.


* ‘അടുത്ത കൂട്ടുകാരി അമ്മയാകുമ്പോൾ..’  ബാൽക്കണിയിൽ സരിത എഴുതിയത്..  അനുഭവത്തിലൂടെയുള്ള ചിന്തകൾ സത്യമായും ഇങ്ങനെയാണെന്ന് നമ്മളെ അറിയിക്കുന്നത്, ‘എന്റെ ദൈവമേ, നീയിതറിയുന്നുണ്ടോ..?’ എന്ന ചോദ്യത്തിലൂടെയാണ്.  വായനാശീലം എഴുത്തിലൂടെ എങ്ങനെ കാട്ടാമെന്ന് തെളിയിക്കുന്ന ശൈലി.


* ഭിക്ഷാപാത്രവുമായി തെരുവിൽക്കിടന്ന് യാചിക്കുന്ന ഒരു പെൺകുട്ടിയെ നോക്കൂ.  അതിനെക്കണ്ട് മറ്റൊരു പേടമാൻ വിലപിക്കുന്നു. ശ്രീ.ശീതൾ.പി.കെ.യുടെ

‘....പതിനേഴിൻവസന്തം ഒരുനാൾ നിൻ തെരുവിന്നിടനാഴിയിൽ
വന്നെത്തി’യാ വാതിലും തുറന്നിടും.....
.....................................................................
നോവുന്നു ഞാനും മറ്റൊരു പേടമാനായ്......’
 നല്ല വരികൾ, ‘തെരുവിൻ മടിത്തട്ടിൽ’ എന്ന പേരിൽ ശ്രീരാഗം ബ്ലോഗിൽ.

നിസ്സംഗനായി നടന്നുപോകുന്ന ആശയഗംഭീരനായ കുമാരനാശാൻ, വാടിവീണുകിടക്കുന്ന ഒരു പൂവിനെക്കണ്ടിട്ട് അതിന്റെ ക്രമാനുഗതമായ ജീവിതഘട്ടങ്ങൾതന്നെ എഴുതി.  ‘വീണപൂവ്’ എന്ന ആ ഖണ്ഡകാവ്യം നമ്മൾ വായിച്ചാൽപോരാ, കാണാതെ പഠിക്കണം. എങ്കിൽ ആശയരൂപീകരണം എങ്ങനെയെന്ന് മനസ്സിലാവും.

ഒരു നിമിഷനേരത്തെ നേർക്കാഴ്ചമതി, പല ആശയങ്ങളും ഉണ്ടാക്കാൻ.  അതിൽ നല്ലതെന്നു തോന്നുന്നത് തേച്ചുമിനുക്കി എഴുതി ഫലിപ്പിക്കുകയാണ് ‘രചന’യുടെ പ്രസക്തി. ഉദാഹരണത്തിന്....

* രോഗമായിക്കിടക്കുന്ന ബന്ധുവിന് അത്യാവശ്യമായി മരുന്നുവാങ്ങിക്കൊടുക്കാൻ, ആശുപത്രിയിലെ ഫാർമസിയിൽ നിൽക്കുകയാണ് ഞാൻ.  കുറച്ചുമാറി ഒഴിഞ്ഞ ഒരു ഭാഗത്ത്, പാവപ്പെട്ട ഒരു സ്ത്രീ കൈകളിൽ തലചേർത്ത് മതിലിൽചാരി പുറംതിരിഞ്ഞുനിൽക്കുന്നു. അവർ തേങ്ങിക്കരയുകയാണെന്ന് ശ്രദ്ധിച്ചപ്പോൾ മനസ്സിലായി.  അടുത്തുചെന്ന് ‘എന്താ, എന്തുപറ്റി..’യെന്ന ചോദ്യം കേട്ട്, ധാരയായി ഒഴുകുന്ന കണ്ണീരുമായി,  ചുവന്നുകലങ്ങിയ കണ്ണുകളാൽ എന്നെയൊന്നു നോക്കി.  നിസ്സഹായത നിറഞ്ഞ മുഖഭാവത്തോടെ തിരിഞ്ഞുനിന്ന് വീണ്ടും വളരെ ഉച്ചത്തിൽ കരയുന്നു.  അതുകണ്ടമാത്രയിൽ എനിക്കും സങ്കടത്താൽ കണ്ണീർപൊടിഞ്ഞു.  എന്തായിരിക്കാം കാരണം?.

 പലതും ചിന്തയിൽ വീണുചിതറി. ഭർത്താവിന് രോഗം മൂർഛിച്ചോ? മകൾ പ്രസവത്തോടെ നഷ്ടപ്പെട്ടോ? അതല്ല, അമ്മയ്ക്കോ അഛനോ അപകടം വന്ന് മരുന്നുവാങ്ങാൻ പണമില്ലേ? ഇങ്ങനെയൊക്കെ അനുമാനിച്ചിട്ടായിരിക്കും വിവരങ്ങൾ അറിയുന്നത്.  ഇവിടെ കഥയ്ക്കോ  കവിതയ്ക്കോ യോജിച്ച ആശയങ്ങൾ ജനിക്കുന്നു.  അപ്പോഴേയ്ക്കും എന്റെ പോക്കറ്റിലിരുന്ന രൂപാ, ആ സ്ത്രീയുടെ കൈകളിൽ എത്തിക്കഴിഞ്ഞു.  അപ്പോൾ, അകത്ത് എന്റെ ബന്ധു  അവരെക്കാൾ യാതന അനുഭവിക്കുകയായിരിക്കും.  എന്നാലെന്താ?  നല്ല ആശയങ്ങൾ കിട്ടിയ സംതൃപ്തിയോടെ, ബന്ധുവിന്റെ അടുത്തേയ്ക്ക് പോകണോ വേണ്ടയോ എന്നാലോചിച്ച് അനന്തതയിലേയ്ക്ക് നോക്കി നിന്നുപോകും.

* വിശപ്പിന് മാനം പകുത്ത ഒരു പെണ്ണിനേയും, കറിയിൽ ആവശ്യത്തിലേറെ ഉപ്പുചേർത്ത ഒരു ഭാര്യയേയും  ‘വിശപ്പിന്റെ നിറമുള്ളവർ’ എന്ന കവിതയിൽ സ്ഫുടമായി കാണിച്ചിരിക്കുന്നു, ശ്രീ.സതീശൻ.ഒ.പി.  കൊച്ചുവരികളിൽ നല്ല ആശയം എങ്ങനെ കൊടുക്കാമെന്ന് തെളിയിക്കുന്നത്.  (പി.കേശവദേവിന്റെ ഒരു കൃതിയുടെ പേര് ‘ജീവിതം സുന്ദരമാണ്, പക്ഷേ....’. ഈ ‘പക്ഷേ’യിൽ എത്രയെത്ര രംഗങ്ങൾ, വ്യക്തികൾ...അതിലെ രണ്ടു കഥാപാത്രങ്ങളായ സ്ത്രീകളെ ഈ വരികൾ കാണിച്ചുതരുന്നു).

* മുരുകൻ കാട്ടാക്കട  ‘കണ്ണടകൾ വേണം..’ എന്നു പറഞ്ഞതുപോലെ, മഴയത്ത് പലർക്കും പലതരം ‘കുടകൾ’ വേണം. പക്ഷേ, കേശു മാത്രം ഏത് കുട പിടിക്കും?. ‘മഴക്കവിത’യിൽ, ചെറിയ ആശയങ്ങളുള്ള വരികളിലൂടെ എഴുതിത്തെളിഞ്ഞുവരുന്ന ശ്രീ.നീലീശ്വരം സദാശിവൻ കുഞ്ഞിയുടെ, ‘നിലാവ്’, ‘ആനവേണോ ആനക്കവിതയ്ക്ക്’ എന്നിവയും നല്ല നുറുങ്ങുകവിതകൾ.

* കൃഷിപ്പണിക്കാരുടെ മഹത്വത്തെ വാഴ്ത്തി  ഒരു നല്ല ഗദ്യകവിത, ‘മണ്ണിന്റെ മണവാളന്മാർ’ എന്ന പേരിൽ ശ്രീ.ജാസ്മിൻ എഴുതിയത്.  മറ്റു കവിതകളായ ‘ശരശയനം’, മൺചിരാത്’, ‘സൌഹൃദം’....ഇവയിലെല്ലാം നല്ല ആശയങ്ങളുണ്ട്.  നല്ല വരികളാൽ വീണ്ടുമെഴുതാൻ നമുക്കവിടെയെത്തി പ്രോത്സാഹിപ്പിക്കാം.

* ‘മഴയ്ക്കും പനി’, ശ്രീ.ഗീതാകുമാരിയുടെ കവിത. ‘...പുകയും ഗോപുരങ്ങൾ ആ കുടയിൽ (വാനത്തിൽ) വിള്ളൽ വീഴ്ത്തവേ, മഴയ്ക്കും താപം, തുള്ളലായ് വിറച്ചും, ചുമ ഇടിമിന്നലായ്....’ ഇതിലെ ഭാവാർത്ഥം ഉത്തമം.   ‘വൃന്ദാവനം ഇന്ന് വിധവാദിനം’ എന്ന പേരിലുള്ള കവിതയ്ക്ക് ഈ വർത്തമാനകാലം പ്രസക്തിയുണ്ടാക്കും.  വൃദ്ധരെനോക്കി, ‘ഇവിടെ ഈ തെരുവിൽ തിരസ്കൃതരായി ഇതാ കഴിഞ്ഞകാലത്തിൻ വിഴുപ്പുഭാണ്ഡം....’ആയവർ, ‘..യമനെത്തിയണയുവോളം വരെ ജീവനെ, അതിരറ്റു കാമിച്ച കാമനക’ളായിരുന്നുവെന്ന് സന്താപപ്പെടുന്നു. വിവർത്തനകവിതകളും നല്ലത്.


നല്ല ഒരാശയം നമ്മുടെ മുമ്പിൽവന്ന് ‘..വാ സാറേ, എന്നെപ്പറ്റി ഒന്നെഴുതൂ...’ എന്നുപറയുകയില്ല.  പലതും കണ്ടും വായിച്ചും തേടിയെടുത്ത് വ്യത്യസ്തമായ ശൈലിയിൽ നിർമ്മിച്ചെടുക്കണം.  അതിന് കുറേ ഏകാഗ്രത വരുത്തണം.

പേടിച്ചുവിറച്ച് രക്ഷപ്പെടാൻ നോക്കിയാലും ഓടിച്ചിട്ടുപിടിച്ച് പീഡിപ്പിക്കുന്നവർ,  ഒഴിഞ്ഞുമാറി ഓടയിൽ ചാടിയാലും ഓടിവന്നിടിച്ചുകൊല്ലുന്ന വാഹനങ്ങൾ,  കാൽക്കാശിന് കെൽ‌പ്പില്ലാതെ അധികാരത്തിൽക്കയറിയിരുന്ന്  ആയിരംകോടികൾ സമ്പാദിച്ചുകൂട്ടുന്നവർ,  ആഗ്രഹങ്ങളും ആവശ്യങ്ങളും സാധിക്കാൻ നമ്മളെയൊക്കെ നാനാവഴിക്കും ഓടിക്കുന്ന കുടുംബാംഗങ്ങൾ............നിത്യവും നാം കാണുകയും കേൾക്കുകയും അനുഭവിക്കുകയും  വേണ്ടിവരുന്നതാണ് ഇപ്പറഞ്ഞതൊക്കെയും.  ഇടയ്ക്ക് കിട്ടുന്ന അല്പനേരത്ത്, ആശ സഫലമാക്കണം, ആശയം കണ്ടെത്തണം - ആ സമയത്തുതന്നെ ഏകാഗ്രതയും ഉണ്ടാവണം. ഇത്തരം സന്ദർഭങ്ങളിൽ നമ്മളും പറഞ്ഞുപോകും..‘ജീവിതം സുന്ദരമാണ്, പക്ഷേ....’.

* ‘വേറിട്ട ഗുരുദക്ഷിണ’ നൽകുന്ന കുട്ടികളോടൊപ്പം അവരുടെ കയ്യൊപ്പുകളുമായി, ശാന്തറ്റീച്ചറെപ്പറ്റി ഒരു ഡോക്യുമെന്ററി ചേർത്തുള്ള ആത്മാവിഷ്കാരം.  ‘സർവ്വധനാൽ പ്രധാനം വിദ്യ’യെന്നത് മഹത്തരമാണെന്ന് മനസ്സിലാക്കാവുന്നതാണ് ഈ പോസ്റ്റിൽ... കൂടെ,‘കരിംപാറകൾ’എന്നകവിതയുമുണ്ട്. ‘മാറത്തണച്ചുപിടിക്കുമമ്മൂമ്മ മറഞ്ഞതും,  അയലത്തെ പെൺകിടാവാത്മഹത്യ ചെയ്തതും...’, നെഞ്ചിലുറച്ച കരിംപാറകളുടെ ഭാരവും വേദനയും വിങ്ങലുകളിലൊതുക്കിയ നല്ല വരികളിലുണ്ട്

* നമുക്ക് പരസ്പരം പറയാൻ അന്യന്റെ വാക്കുകൾ വേണ്ടിയിരിക്കുന്നു.  ഇനി എന്നാണ് മറുഭാഷയിൽനിന്നും എന്റെ ഭാഷ സ്വാതന്ത്ര്യം നേടുക?  ന്യായയുക്തമായ ആകാംക്ഷയോടെ ചോദിക്കുന്നത്  ‘സ്കെച്ചസ്’ ബ്ലോഗിൽക്കൂടി പേരില്ലാത്ത ഗദ്യകവിതയിലൂടെ ദീപാ പ്രവീൺ....

മറ്റു ഭാഷകളിലെ കവിതകൾ വിവർത്തനം ചെയ്യുമ്പോൾ, മൂലകൃതിയിലെ വരികളെ പദാനുപദം പകർത്തുകയല്ല വേണ്ടത്.  ആ വരികളിലെ ആശയങ്ങൾ സ്വായത്തമായ സർഗ്ഗചേതനയാൽ രൂപപ്പെടുത്തി, നല്ല പദങ്ങൾ പതിച്ച് നല്ല വരികളാക്കി കണ്ണാടിപോലെ അനുവാചകർക്ക് നൽകണം. അങ്ങനെയാണെങ്കിലേ വായനക്കാരെ ഇഷ്ടപ്പെടുത്തി വീണ്ടും വായിപ്പിക്കാൻ സാധിക്കൂ.

സാറേ ചൂല് വേണോ...നല്ലത് വാരാൻ..?

* നല്ല ഉത്കൃഷ്ടമായ കൃതികളെപ്പറ്റി പഠിക്കുകയും  പ്രബന്ധം തയ്യാറാക്കുകയും ചെയ്യുന്നത് ആവശ്യമായതിനാൽ, അതിന് സ്കോളർഷിപ്പും ഡിഗ്രിയുമൊക്കെ കിട്ടും.  എന്നാൽ, രചനാഗുണം കുറഞ്ഞ കൃതികളെപ്പറ്റി പഠിപ്പിക്കാനോ, ചർച്ചചെയ്യാനോ  ഒരു സ്കൂൾ ആരംഭിക്കാറില്ല.  വിമർശനപരമായ അഭിപ്രായങ്ങളറിയിക്കാൻ ‘കമെന്റ് ബോക്സു’ണ്ട്. കുറ്റങ്ങളും കുറവുകളും അവിടെപ്പറയാം.  നല്ല എഴുത്തുകളെപ്പറ്റി ചർച്ചചെയ്താൽ, അതിലെ ആശയത്തേയും സന്ദേശത്തേയും  എങ്ങനെയൊക്കെ, ഏതെല്ലാം രീതികളിൽ പ്രയോഗിക്കാമെന്ന സർഗ്ഗവൈഭവം നമുക്കുണ്ടാവും. പല പ്രശസ്തരുടേയും നല്ല രചനകൾ മാത്രമേ പഠനവിഷയമാക്കൂ. നമ്മുടെ ‘ബ്ലോഗുലക’വും മറ്റൊരു സാഹിത്യവിഹായസ്സാണ്..

‘ബ്ലോഗ് ലോക’ത്തിലെ  പോരായ്മകളും കരടുകളും കണ്ടുപിടിച്ച് കരിതേയ്ക്കാൻ, പല ‘ക്വൊട്ടേഷൻ കച്ചവടക്കാ’ രും ഭൂതക്കണ്ണാടിയുമായി നടക്കുന്നുണ്ടെന്ന സത്യം നമ്മൾ മറക്കരുത്.  ചൂല് വിൽക്കാനിറങ്ങിയ ‘തൂപ്പുകാരി’ എന്ന പുതിയ ബ്ലോഗിൽ,  ഈ കുടുംബത്തിലെ നല്ല എഴുത്തുകളിലുള്ള നല്ല ആശയങ്ങളേയും, സന്ദേശവാഹിയായ സാഹിത്യത്തേയുംപറ്റി ചർച്ചനടത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. അംഗഭംഗം വന്നവർ പല കുടുംബത്തിലും ജനിക്കും.  ‘മാ നിഷാദഃ’.  ‘അവരെ കൊല്ലരുതേ കൂടപ്പിറപ്പുകളേ...’ എന്നേ എനിക്ക് പറയാനുള്ളൂ.  നമ്മൾ ചെളിവാരിയെറിയുമ്പോൾ കൈ മലിനമാവും, കൂടെ ദുർഗന്ധവും വമിക്കും.  എന്നാൽ, കുറേ നല്ല പൂക്കളെടുത്ത് എറിഞ്ഞുനോക്കൂ, മാലിന്യമുണ്ടാക്കുന്നില്ല.  അതിൽനിന്നുള്ള വാസനയാസ്വദിക്കാൻ എല്ലാവരും കൂടെവരികയും ചെയ്യും..

പുതിയ ഒരു ‘പോലീസ് സ്റ്റേഷൻ’ സ്ഥാപിച്ചാൽ സി.ഐ. മുതൽ താഴോട്ട് ഒരു പോലീസുകൂട്ടം ഉണ്ടാവും. പരിസരത്ത് കുറ്റവാളികളെയൊന്നും കിട്ടിയില്ലെങ്കിൽ, കയ്യിൽക്കിട്ടുന്നവരെ കള്ളന്മാരാക്കി ഒപ്പിടീച്ചു പറഞ്ഞുവിടും. (പാവങ്ങൾക്ക് രണ്ട് കിട്ടിയാലുമായി).  പോലീസുകാർക്ക് ജോലിവേണ്ടേ?.  അവിടെ, അതിനുപകരം ഒരു ‘ആശുപത്രി’ തുടങ്ങിയാലോ? നല്ല ഡോക്ടറന്മാരും കാണാൻ കൊള്ളാവുന്ന വിദഗ്ദ്ധനേഴ്സുകളും മരുന്നുകളും കാണും.  ഇന്നത്തെക്കാലത്ത് രോഗം എങ്ങനേയും വരും, അതൊക്കെ ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാം.  ‘തൂപ്പുകാരി’ എന്ന ബ്ലോഗ് നല്ല ഒരാശുപത്രിയാകട്ടെയെന്ന് ആഗ്രഹിക്കുന്നു, ആശീർവ്വദിക്കുന്നു.  


* പുതിയ നല്ലനല്ല സ്കെച്ചുകളിട്ട്   ഭാവനോദ്ദീപകമായ ചിത്രങ്ങളാക്കി, നിറങ്ങളിൽ വ്യത്യസ്തത നൽകാനുള്ള കഴിവ്, ‘ജുമാനാസം ബ്ലോഗി’ൽ  കൊച്ചുചിത്രകാരി ശ്രീ.ജുമാന പ്രകടിപ്പിക്കുന്നു.  ‘മഹാത്മാഗാന്ധി’, ‘കഥകളി’, ‘പൂമരക്കൊമ്പിൽ’, ‘ഹിബമോൾ’...എന്നിവ അതിന് തെളിവാണ്.  സ്കെച്ചുകൾ, വാട്ടർ കളറിംഗ്, ഓയിൽ പെയിറ്റിംഗ് മുതലായ എല്ലാ വിഭാഗവും വഴങ്ങുമെന്ന് ഈ ചിത്രങ്ങളിലൂടെ മനസ്സിലാക്കാം.  വളരെ ഉന്നതിയിലെത്തുന്ന ചിത്രകാരിയാവുമെന്ന് ഇനിയുള്ള ചിത്രമെഴുത്തുകളും തെളിയിക്കട്ടെയെന്ന് ആശംസിക്കാം.




‘തണൽമരങ്ങളി’ൽ കയറിയിറങ്ങി ‘ആത്മൻ’ എന്ന സഞ്ചാരി, ‘വർക്കിങ്ങ് ഹാർഡ് ഫൊർ ആൻ ഓൺലൈൻ റവല്യൂഷൻ’ നടത്തുന്നു.  ‘പല തലങ്ങളിൽക്കൂടി താഴെവീഴാതെ എങ്ങനെയൊക്കെ ചാടാ’മെന്ന്, രണ്ടുപേരുടെ സംഭാഷണത്തിൽക്കൂടി ശ്രീ.വിഡ്ഡിമാൻ രസകരമായി അവതരിപ്പിക്കുന്നു...


ശ്രീ.അഫ്സൽ എഴുതിയ ‘റോഡുകൾ സുരക്ഷിതമാകുമോ..’ എന്നപേരിൽ ഒരു ലേഖനം.  റോഡപകടങ്ങളേയും അവയിലൂടെ രാജ്യത്തിനുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക നഷ്ടങ്ങളേയും വിവരിക്കുന്നു.  അതിനൊക്കെയുള്ള പ്രതിവിധികളെന്താണെന്നും, മറ്റുരാജ്യക്കാർ എന്തൊക്കെ സുരക്ഷിതമാർഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്നും, നാം മനസ്സിലാക്കേണ്ടുന്നതാണ്.

* ചരിത്രപശ്ചാത്തലവും രാഷ്ട്രീയതന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട പുസ്തകങ്ങളുമൊക്കെ വിശദമാക്കി, ‘അഭിപ്രായസ്വാതന്ത്ര്യം, ആത്മാവിഷ്കാരത്തിന്റെ അടിസ്ഥാനം’ എന്ന പോസ്റ്റിൽക്കൂടി നല്ല അറിവുപകരുന്നു.  ശ്രീ.ഹരിനാഥിന്റെ,  സാമൂഹികവിമർശനവും കാര്യവിചാരവും ഉൾക്കാഴ്ചയുള്ളതുമായ നല്ല ലേഖനം.

* ഒരക്ഷരവുമെഴുതാതെ ഒരുവാക്കും മിണ്ടാതെ ചൂണ്ടുവിരൽ നീട്ടി നമ്മളെ നിശ്ശബ്ദരാക്കാൻ സാധിക്കില്ലേ? തീർച്ചയായും സാധിക്കുമെന്ന്  ഫോട്ടോ കണ്ടാൽ നാമോർക്കും.  ‘നീ നിന്നെത്തന്നെ നോക്കൂ, പിന്നെമതി മറ്റുള്ളവനെ നന്നാക്കാൻ...’.  ‘അഭിനയം’, ‘മരണം ഇങ്ങനെയുമാണ്’, ‘കണ്ണീർലാവ’...ഇതൊക്കെയെഴുതിയ ശ്രീ.നിഷാദ് കട്ടപ്പന നമുക്കു നേരേ വിരൽചൂണ്ടുന്നു, ഒന്നും മിണ്ടാതെ അവിടെപ്പോയി നോക്കാം. 


* നേർത്ത മഴത്തുള്ളികൾ അനവരതം വീണുകൂടുമ്പോൾ ഒരു ജലാശയമുണ്ടാകും.  അനേകം മുത്തുകൾ കൊരുത്തെടുത്താൽ നല്ല ഒരു മാലയാകും.  അതുപോലെ, നല്ല വാക്കുകളും വാചകങ്ങളും കൂടിച്ചേർന്ന രസാവഹമായ അവതരണമാണ് ശ്രീ.ഹസീൻ എഴുതിയ  ‘സ്പെസിഫിക് ഗ്രാവിറ്റി’.  എഞ്ചിനീയറായ ഞാൻ എന്ന കഥാകാരനും, മണിക് തിവാരി, മൻസൂർ ഖാൻ, റൊസാരിയോ, വിനയൻ...എന്നിവരൊക്കെക്കൂടി നടത്തുന്ന  രാജകീയമായ ഒരു ‘സിംഹക്കൂട് നിർമ്മാണ’ത്തിന്റെ നർമ്മോക്തി നിറഞ്ഞ വിശദീകരണം.  സരസമായ വാക്യങ്ങൾ....‘(അയാളോട്) ക്ഷമ ചോദിച്ചാൽ തിരിച്ചുകടിക്കുമോ എന്ന പേടിയുള്ളതുകൊണ്ട് (ഞാൻ) ഒന്നും മിണ്ടാതിരുന്നു...’  ‘ഒരു സന്തോഷവും അത്ര ദീർഘമൊന്നുമല്ല’  ഇങ്ങനെ യുക്തിസഹമായ കുറിപ്പുകൾകൊണ്ട് അലങ്കരിച്ച രണ്ടാമത്തെ പോസ്റ്റ്.  ആദ്യപോസ്റ്റായ ‘ഹാജി’യും മികച്ചതുതന്നെ...

പ്രശസ്ത സാഹിത്യകാരനും നടനും നിയമജ്ഞനുമായിരുന്ന എൻ.പി.ചെല്ലപ്പൻ നായരുടെ (ശ്രീ.സി.പി.നായരുടെ പിതാവ്) പത്ത് കഥകളടങ്ങിയ ‘ദശപുഷ്പങ്ങൾ’ എന്ന കൃതി പുതിയ എഴുത്തുകാർ വായിക്കണം.  നല്ല കഥാബീജം ഹാസ്യാത്മകമായി എങ്ങനെയൊക്കെ ഉണ്ടാക്കിയെടുക്കാമെന്ന് അപ്പോൾ ബോദ്ധ്യമാകും.

നർമ്മം കലർത്തിയും ആശയവും സന്ദേശവും ഹൃദയം പോലെ തുടിപ്പിച്ചും എഴുതിക്കാണിക്കുമ്പോൾ, വായനക്കാരായ നമ്മളെ, അറിയാതെ ആ കഥയുടെ കയത്തിലേയ്ക്ക് തള്ളിയിടും.   അവിടെക്കിടന്ന് നീന്തുന്നതുകണ്ട് അതിലെ കഥാപാത്രമായി മാറിയ കഥാകാരൻ ആഹ്ലാദിക്കും. അത് മഹത്തരമായ സൃഷ്ടിയാവും.  ഇതുപോലെയാണ് കുട്ടിക്കൃഷ്ണമാരാർ ‘ഭാരതപര്യടന’ത്തിൽ ചെയ്തത്.  പി.കെ.ബാലകൃഷ്ണൻ ‘കർണ്ണ’നായി വന്ന് ‘ഇനി ഞാനുറങ്ങട്ടെ’ എന്ന കൃതിയുണ്ടാക്കിയത്.  അങ്ങനെതന്നെ  ‘രണ്ടാമൂഴ’ത്തിൽ എം.ടി. ഗദയുമെടുത്ത് ‘ഭീമ’നായി ജീവിച്ചുകാണിച്ചതും...........

                          ------------------------------------------------------------------------------

(ഇവിടെ ബ്ലോഗ് പരിചയപ്പെടുത്തലുകളിൽനിന്ന് പല കൃതികൾവഴിയും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. പരാമർശിച്ചതൊക്കെ ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യുന്നത് പുതിയവർക്ക് രചനാഗുണം വർദ്ധിക്കുമെന്ന സദുദ്ദേശം മാത്രമാണ്.  താല്പര്യമില്ലാത്ത സുഹൃത്തുക്കൾ അഭിപ്രായം തുറന്നുപറയണമെന്ന് അഭ്യർത്ഥിക്കുന്നു.)

                    ==========================================================
ഈ ആഴ്ചയിലെ അവലോകനം  : ശ്രീ. വി. എ